ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. യുഎഇ പൗരന്മാർക്ക് പുറമെ ഇന്ത്യ, പാകിസ്ഥാൻ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ആശ്വസിപ്പിച്ച അദ്ദേഹം, രാജ്യത്തെ എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തു.

അബുദാബി: മേഖലയിലുണ്ടായ ഇറാൻ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെ മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പൂർണ്ണ ആരോഗ്യത്തോടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

യുഎഇ പൗരന്മാർക്ക് പുറമെ ഇന്ത്യ, പാകിസ്ഥാൻ, സുഡാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ‘നിങ്ങൾ യുഎഇയിലെ നിങ്ങളുടെ സ്വന്തം കുടുംബത്തോടൊപ്പമാണുള്ളത്’ എന്ന് ഓരോരുത്തരെയും നേരിൽ കണ്ട് സംസാരിക്കവേ അദ്ദേഹം ആശ്വസിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെയും എല്ലാ താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അത് ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് യുഎഇ സമൂഹം കാട്ടുന്ന ഐക്യദാർഢ്യവും സഹകരണവും രാജ്യത്തിന്‍റെ യഥാർത്ഥ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ സംഘത്തിന്റെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

തങ്ങളെ നേരിൽ കാണാൻ എത്തിയ പ്രസിഡന്‍റിനോട് പരിക്കേറ്റവരും അവരുടെ കുടുംബാംഗങ്ങളും നന്ദി രേഖപ്പെടുത്തി. യുഎഇ ഭരണകൂടം നൽകുന്ന സമാനതകളില്ലാത്ത കരുതലാണ് തങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതെന്ന് അവർ പറഞ്ഞു. പരിക്കേറ്റവരിൽ പലരും ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു കഴിഞ്ഞു. പ്രസിഡന്‍റിനൊപ്പം അദ്ദേഹത്തിന്‍റെ ഉപദേശകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.

View post on Instagram

View post on Instagram