എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എമിറേറ്റ്സ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പുനഃക്രമീകരണങ്ങളുടെ ഭാഗമായി ചില ട്രെയിനി പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ ജീവനക്കാരെയും എമിറേറ്റ്സ് പിരിച്ചുവിട്ടെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ദുബായ്: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ചില ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ നിര്‍ഭാഗ്യവശാല്‍ മറ്റു വഴികളില്ലെന്നാണ് എമിറേറ്റ്സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്. കൊവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ സാധ്യമല്ലാതായതോടെയാണ് വിമാന കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്.

അതേസമയം എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എമിറേറ്റ്സ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പുനഃക്രമീകരണങ്ങളുടെ ഭാഗമായി ചില ട്രെയിനി പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ ജീവനക്കാരെയും എമിറേറ്റ്സ് പിരിച്ചുവിട്ടെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും മാറ്റത്തിന്റെ ഈ ഘട്ടവുമായി ചേര്‍ന്നു പോകേണ്ടതുണ്ടെന്നും എമിറേറ്റ്സ് വക്താവ് പറഞ്ഞു. 

കാര്യങ്ങളെ നിസാരമായിട്ടല്ല കാണുന്നത്. ജീവനക്കാരെ കഴിയുന്നത്ര സംരക്ഷിക്കും. എന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. ആളുകളോട് ബഹുമാനത്തോടും മാന്യതയോടും കൂടി പെരുമാറുമെന്നും പിരിച്ചുവിടപ്പെടുന്ന ജീവനക്കാരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ എമിറേറ്റ്സിന് സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ദുബായ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.