യുഎഇയിൽ ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. അസ്ഥിര കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചതായും വിമാനങ്ങൾ റദ്ദാക്കുന്നതിനും വൈകുന്നതിനും സമയം പുനഃക്രമീകരിക്കുന്നതിനും ഇത് കാരണമായതായും എമിറേറ്റ്സ് അറിയിച്ചു.

ദുബൈ: ദുബൈയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഇന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ എമിറേറ്റ്‌സ് എയർലൈൻസ് റദ്ദാക്കി. യുഎഇയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന ശക്തമായ മഴയും കാറ്റും വിമാന സർവീസുകളെ ബാധിച്ചതായും വിമാനങ്ങൾ റദ്ദാക്കുന്നതിനും വൈകുന്നതിനും സമയം പുനഃക്രമീകരിക്കുന്നതിനും ഇത് കാരണമായതായും എയർലൈൻ അറിയിച്ചു.

ഡിസംബർ 19-ന് റദ്ദാക്കിയ പ്രധാന സർവീസുകൾ

EK977/978: ദുബൈ – തെഹ്‌റാൻ – ദുബൈ

EK823/824: ദുബൈ – ദമ്മാം – ദുബൈ

EK945/946: ദുബൈ – ബസ്ര – ദുബൈ

EK866/867: ദുബൈ– മസ്‌കറ്റ് – ദുബൈ

EK853/854: ദുബൈ – കുവൈറ്റ് – ദുബൈ

EK835/836, EK837/838: ദുബൈ – ബഹ്‌റൈൻ – ദുബൈ

EK705/796: ദുബായ് – സീഷെൽസ് – ദുബായ്

EK656/657: ദുബൈ – മാലെ (മാലിദ്വീപ്) – ദുബൈ

EK650/651: ദുബൈ – കൊളംബോ – ദുബൈ

EK636/637: ദുബൈ – പെഷവാർ – ദുബൈ

EK043/044: ദുബൈ – ഫ്രാങ്ക്ഫർട്ട് – ദുബൈ

EK322/323: ദുബൈ – ഇഞ്ചിയോൺ – ദുബൈ

യാത്രക്കാരുടെ ശ്രദ്ധക്ക്

വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പേജ് വഴി വിമാനത്തിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യാത്രക്കാർക്ക് തത്സമയ വിവരങ്ങൾ ലഭിക്കുന്നതിനായി 'മാനേജ് യുവർ ബുക്കിങ്' എന്ന വിഭാഗത്തിലൂടെ ഫോൺ നമ്പറും ഇമെയിലും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

ഫ്ലൈ ദുബൈ

മോശം കാലാവസ്ഥ കാരണം റോഡുകളിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിൽ എത്താൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് ഫ്ലൈ ദുബൈ യാത്രക്കാർക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം തുടരാൻ സാധ്യതയുള്ളതിനാൽ വിമാനങ്ങളുടെ സമയത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. യാത്രക്കാർ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും എയർലൈൻ നിർദ്ദേശിച്ചു.

യുഎഇയില്‍ മഴയും കാറ്റും ആലിപ്പഴ വര്‍ഷവും തുടരുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും കഴിവതും വീടുകളില്‍ കഴിയണമെന്നും അധികൃതർ നിര്‍ദ്ദേശിച്ചു. വിവിധ എമിറേറ്റുകളിലെ നിരവധി റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗത തടസ്സവും അനുഭവപ്പെട്ടു.