Asianet News MalayalamAsianet News Malayalam

യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍റുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Emirates cancels several flights due to unstable weather in uae
Author
First Published May 2, 2024, 11:58 AM IST

അബുദാബി: യുഎഇയിലെ കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. 

മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍

ഇകെ 123/124 - ദുബൈ-ഇസ്താംബുള്‍ 

ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബര്‍ഗ്

ഇകെ 719/720- ദുബൈ- നയ്റോബി

ഇകെ 921/922- ദുബൈ- കെയ്റോ

ഇകെ 903/904-ദുബൈ- അമ്മാന്‍

ഇകെ 352/353- ദുബൈ- സിംഗപ്പൂര്‍ (മെയ് മൂന്നിന് പുറപ്പെടുന്ന ഇകെ 353 വിമാനം)

അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍റുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എല്ലാ റീബുക്കിങ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കള്‍ മോശം കാലാവസ്ഥ പരിഗണിച്ച് കുറച്ച് അധികം സമയം കണക്കാക്കി ഇറങ്ങണമെന്ന് ഫ്ലൈദുബൈയും അറിയിച്ചു. ഫ്ലൈ ദുബൈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം. 

Read Also - ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

"മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം" - ദുബൈ എയ‍ർപോർട്ട്സ് വക്താവ് അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios