ഇന്ത്യക്കാര്‍ക്ക് ആശങ്ക വേണ്ട, ഡയറക്ട് റെമിറ്റ് സംവിധാനം വഴി അന്താരാഷ്ട്ര പണമിടപാട് നടത്തുന്നതിന് ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കി ബാങ്ക്.
അബുദാബി: ഇന്ത്യയടക്കം ചില രാജ്യങ്ങളിലേക്ക് ഡയറക്ട് റെമിറ്റ് സംവിധാനം വഴി അന്താരാഷ്ട്ര പണമിടപാട് നടത്തുന്നതിന് ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കി എമിറേറ്റ്സ് എന്‍ബിഡി. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ക്കും സൗജന്യമായി പണം അയയ്ക്കാനാകും. ഡയറക്ട് റെമിറ്റ് സംവിധാനം വഴി അന്താരാഷ്ട്ര പണമിടപാട് നടത്തുമ്പോൾ 26.25 ദിർഹം ഫീസ് ഈടാക്കാനുള്ള തീരുമാനമാണ് ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് വാര്‍ത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
എന്നാല്‍ മറ്റ് ചില രാജ്യങ്ങളിലേക്ക് പണം അയയ്ക്കുന്നതിന് ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ 26.25 ദിർഹം ഫീസ് ഈടാക്കാും. യുഎഇ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്. ഫീസ് ബാധകമാകുന്ന ഉപഭോക്താക്കള്‍ക്ക് ബാങ്ക് മെയില്‍ വഴി അറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യയടക്കമുള്ള സീറോ ഫീ കോറിഡോർ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഫീസ് ഈടാക്കാത്തത്. എന്നാല്‍ നോൺ കോറിഡോര്‍സ് ലിസ്റ്റില്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫീസ് ബാധകമാണെന്നും ബാങ്ക് വ്യക്തമാക്കി. വാറ്റ് അടക്കം ഉൾപ്പെടുന്ന നിശ്ചിത ഫീസ് ഓൺലൈൻ, മൊബൈൽ, ഇഎൻബിഡി എക്സ് ഡിജിറ്റൽ ചാനലുകൾ വഴിയുള്ള ഇടപാടിന് മാത്രമാണ് ഫീ ബാധകമായിട്ടുള്ളത്. അന്താരാഷ്ട്ര പണമയക്കലിന് രാജ്യത്തെ വിവിധ ബാങ്കുകൾ 20 ദിർഹം മുതൽ 60 ദിർഹംവരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ, എമിറേറ്റ്സ് എൻബിഡി ഡയറക്ട് റെമിറ്റ് സേവനം നിശ്ചിത രാജ്യക്കാരെ നേരത്തേ തന്നെ ഇത്തരം ഫീസുകളിൽനിന്ന് ഒഴിവാക്കിയിരുന്നു. ഒരു മിനിറ്റിനുള്ളിൽ പണമയക്കാൻ സാധിക്കുന്ന സംവിധാനമാണ് ഡയറക്ട് റെമിറ്റ്.
