അബുദാബി: പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിന് ഒരു കമ്പനി ജീവനക്കാരെ അറസ്റ്റ് ചെയ്‍തതായി അബുദാബി പൊലീസ്. ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പൊലീസ് പുറത്തുവിട്ടത്.

പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ജോലിയില്‍ കൃത്രിമം കാണിക്കാനും മേലുദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കാനുമാണ് കമ്പനി അധികൃതര്‍ കൈക്കൂലി വാഗ്ദാനം ചെയ്‍തതെന്ന് അബുദാബി പൊലീസ് അഴിമതി വിരുദ്ധ വിഭാഹം തലവന്‍ ലെഫ്. കേണല്‍ മതര്‍ മദാദ് അല്‍ മുഹൈരി പറഞ്ഞു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയും ഇവരെ പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്‍തു.

അബുദാബി പൊലീസിന്റെ ആത്മാര്‍ത്ഥതയെയും നിയമം ലംഘിക്കുന്നവരെ തടയാനുള്ള അവരുടെ ശ്രമങ്ങളെയും പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍ മസ്‍റൂഇ അഭിനന്ദിച്ചു. അഴിമതി സംബന്ധമായ വിവരങ്ങള്‍ ലഭിക്കുന്നവര്‍ 8002626 എന്ന നമ്പറില്‍ വിളിച്ചോ 2828 എന്ന നമ്പറില്‍ എസ്എംഎസ് അയച്ചോ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.