കൊവിഡ് പ്രതിസന്ധിയില്‍ നിന്നും വ്യോമയാന മേഖല കരകയറാന്‍ തുടങ്ങിയതോടെയാണ് വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി ഇത്തിഹാദ് രംഗത്ത് എത്തിയിരിക്കുന്നത്.

അബുദാബി: അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്‌സില്‍ ക്യാബിന്‍ ക്രൂ ആകാന്‍ നിരവധി അവസരങ്ങള്‍. ക്യാബിന്‍ ക്രൂ ആകാന്‍ യോഗ്യതയും എക്‌സ്പീരിയന്‍സുമുള്ളവര്‍ക്കായി 1,000 ഒഴിവുകളാണ് വിമാന കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും വ്യോമയാന മേഖല കരകയറാന്‍ തുടങ്ങിയതോടെയാണ് വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി ഇത്തിഹാദ് രംഗത്ത് എത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമുള്ള 10 നഗരങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക. യുഎഇ, ഈജിപ്ത്, ലബനോന്‍, റഷ്യ, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ etihad.com/cabincrewrecruitment സന്ദര്‍ശിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് പ്രതിസന്ധി മൂലം പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് എയര്‍ലൈന്റെ അലുമിനി പദ്ധതി വഴി വീണ്ടും അപേക്ഷ സമര്‍പ്പിക്കാം.

കഴിഞ്ഞ മാസം ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈനും നിരവധി തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ത്ഥികളെ വിമാന കമ്പനി ക്ഷണിച്ചിരുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്‌സിന്റെ www.emiratesgroupcareers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ആവശ്യമായ യോഗ്യതയും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിരുന്നു.