Asianet News MalayalamAsianet News Malayalam

സൗദിയിലേക്കുള്ള യാത്രാവിലക്ക്; അറിയിപ്പുമായി ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാന കമ്പനികള്‍

ദുബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍ സൗദി പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതരുടെ അറിയിപ്പ്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുതിയ തീരുമാനം ബാധകമാകില്ല.

Etihad and Emirates announce travel restrictions to Saudi
Author
Abu Dhabi - United Arab Emirates, First Published Feb 3, 2021, 2:37 PM IST

അബുദാബി: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രാവിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍. ഇത്തിഹാദ്, എമിറേറ്റ്‌സ് എയര്‍ലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ബുധനാഴ്ചയാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ഫെബ്രുവരി മൂന്നിന് സൗദി സമയം രാത്രി ഒമ്പത് മണി മുതല്‍ പ്രാബല്യത്തില്‍ വരും.

ദുബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍ സൗദി പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതരുടെ അറിയിപ്പ്. ഇത് ഇന്ന് തന്നെ പ്രാബല്യത്തില്‍ വരുമെന്നും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ ഈ തീരുമാനം തുടരുമെന്നും എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചു. അതേസമയം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുതിയ തീരുമാനം ബാധകമാകില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയത്. ബുധനാഴ്‍ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ എന്നിവർക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios