ഏതാനും സെക്കന്റുകള്‍ വിമാനം ആടിയുലഞ്ഞു. നിയന്ത്രണം നഷ്ടമാകാതെ പൈലറ്റ് ഉടന്‍ തന്നെ അബുദാബി വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി വിമാനം തിരിച്ചിറക്കിയെന്നും ട്വീറ്റില്‍ പറയുന്നു
അബുദാബി: അബുദാബി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ അടിയന്തരമായി തിരിച്ചിറക്കി. പൈലറ്റിന്റെ മനഃസ്സാന്നിദ്ധ്യം യാത്രക്കാരെയും ജീവനക്കാരെയും രക്ഷിച്ചു. അബുദാബിയില്‍ നിന്നും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് തിരിച്ച ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിനാണ് ആകാശമദ്ധ്യേ തകരാറ് സംഭവിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 2.55ന് അബുദാബിയില്‍ നിന്ന് പുറന്നുയര്‍ന്ന വിമാനം ഒരു മിനിറ്റ് യാത്ര ചെയ്തപ്പോഴേക്കും വലതുവശത്തുള്ള എഞ്ചിന്റെ ഭാഗത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് ഒരുയാത്രക്കാരന്‍ ഇത്തിഹാദ് ഹെല്‍പ്പില്‍ ട്വീറ്റ് ചെയ്തു. ഏതാനും സെക്കന്റുകള്‍ വിമാനം ആടിയുലഞ്ഞു. നിയന്ത്രണം നഷ്ടമാകാതെ പൈലറ്റ് ഉടന്‍ തന്നെ അബുദാബി വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി വിമാനം തിരിച്ചിറക്കിയെന്നും ട്വീറ്റില്‍ പറയുന്നു. ഒരു സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് ഇതിന് മറുപടിയായി ഇത്തിഹാദ് ട്വീറ്റ് ചെയ്തത്.
ഒരു എഞ്ചിന് സാങ്കേതിക തകരാറ് സംഭവിച്ചു. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി, ടെര്‍മിനലിലേക്ക് മാറ്റി. മറ്റൊരും വിമാനം എത്തിച്ച് 7.30ന് ജക്കാര്‍ത്തയിലേക്ക് യാത്ര തിരിച്ചുവെന്നും ഇത്തിഹാദ് വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദമുണ്ടെങ്കിലും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു.
