ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. ദേശീയ ദിന അവധി ദിനത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവൃത്തി സമയം പബ്ലിക് പ്രോസിക്യൂഷനും പ്രഖ്യാപിച്ചു.

ദോഹ: ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

അവശ്യ സേവനങ്ങളോ മറ്റ് കാരണങ്ങൾ കൊണ്ടോ ആ ദിവസം ജീവനക്കാർ ജോലി ചെയ്യേണ്ടിവന്നാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള ഓവർടൈം വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ തൊഴിൽ മന്ത്രാലയം ദേശീയ ദിനാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 18 ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ 21 ഞായറാഴ്ച ജീവനക്കാർ ജോലി പുനരാരംഭിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

ദേശീയ ദിന അവധി ദിനത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവൃത്തി സമയം പബ്ലിക് പ്രോസിക്യൂഷനും പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷൻ കെട്ടിടവും റെസിഡൻസ് അഫയേഴ്‌സ് പ്രോസിക്യൂഷനും (സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ്) വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ തുറന്നിരിക്കും. അതേസമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും.