Asianet News Malayalam

പ്രവേശന കവാടം ട്രെയിന്‍, ബാല്‍ക്കണി കോക്പിറ്റ്; ഇത് മുന്‍ പ്രവാസിയുടെ സ്റ്റീലില്‍ പണിത 'കൗതുക'വീട്!

മൂന്ന് കിടപ്പുമുറികള്‍, നാല് ശുചിമുറികള്‍, ഒരു ഹാള്‍, അടുക്കള എന്നിവയാണ് ഈ വീട്ടിലുള്ളത്. ഒരു മുറിയുടെ ബാല്‍ക്കണി വിമാനത്തിന്റെ കോക്പിറ്റിന്‍റെ മാതൃകയിലാണ് നിര്‍മ്മിച്ചത്. വീടിന്റെ പ്രവേശന കവാടം ആകട്ടെ ട്രെയിനും! 

ex bahrain expat built home in kerala with unique design
Author
Mallappally, First Published Jun 18, 2021, 6:07 PM IST
  • Facebook
  • Twitter
  • Whatsapp

മല്ലപ്പള്ളി: സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. വ്യത്യസ്തമായ വീട് നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നവരെ, വ്യത്യസ്തത കൊണ്ട് തന്നെ അമ്പരപ്പിക്കുകയാണ് ഒരു മുന്‍ പ്രവാസിയുടെ വീട്. 30 വര്‍ഷത്തോളം ബഹ്‌റൈനില്‍ ജോലി ചെയ്ത പത്തനംതിട്ട സ്വദേശി ടി ടി തോമസ് ജന്മനാട്ടില്‍ ഒരു വീട് പണിതപ്പോള്‍ അതില്‍ താന്‍ ഇതുവരെ നടത്തിയ യാത്രകളുടെ ഓര്‍മ്മകള്‍ കൂടി കൂട്ടിയിണക്കി. വിമാനം, ട്രെയിന്‍, കപ്പല്‍ എന്നീ മൂന്ന് ഗതാഗതമാര്‍ഗങ്ങളുടെയും ഡിസൈന്‍ സമന്വയിപ്പിച്ചാണ് ടി ടി തോമസ് തന്റെ സ്വപ്‌നവീടൊരുക്കിയത്.

ബഹ്‌റൈനില്‍ സ്വന്തമായി ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന തോമസ് വീട് നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിച്ചതും സ്റ്റീല്‍ തന്നെയാണ്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിലാണ് 220 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീട്. വീട് നിര്‍മ്മിച്ചപ്പോള്‍ പോറ്റമ്മയായ ബഹ്‌റൈനെയും തോമസ് മറന്നില്ല, ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറവും തന്റെ വീടിന്റെ ഒരു ഭാഗത്തിന് നല്‍കി. ഇത്തരത്തിലൊരു വീട് എന്ന ആശയം പങ്കുവെച്ചപ്പോള്‍ മുതല്‍ തോമസിന് പലരില്‍ നിന്നായി പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തന്റെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ വ്യത്യസ്തമായ ഈ നിര്‍മ്മിതി കാണാന്‍ ആളുകള്‍ തേടിയെത്തുകയാണ്.

ആറുമാസം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കണമെന്നാണ് തോമസ് പദ്ധതിയിട്ടതെങ്കിലും കൊവിഡ് വില്ലനായതോടെ വീട് നിര്‍മ്മാണവും നീണ്ടു. തൊഴിലാളികളെ കിട്ടാഞ്ഞതും നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും മൂലം ഒരു വര്‍ഷത്തിലധികം വേണ്ടിവന്നു വീട് പണി പൂര്‍ത്തിയാകാന്‍. മിഡില്‍ ഈസ്റ്റിലുള്ള വീടിന്‍റെ നിര്‍മ്മാണരീതിയിലാണ് തന്റെയും വീട് നിര്‍മ്മിച്ചതെന്നാണ് തോമസ് പറയുന്നത്.

വീടിന്റെ മേല്‍ക്കൂര സാന്‍വിച്ച് പാനലും എക്സ്റ്റീരിയര്‍ സൈഡ് പാനല്‍ ഉപയോഗിച്ചുമാണ് നിര്‍മ്മിച്ചത്. ഇന്റീരിയറില്‍ വി ബോര്‍ഡും ഉപയോഗിച്ചു. സ്റ്റീലാണ് വീട് നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, നാല് ശുചിമുറികള്‍, ഒരു ഹാള്‍, അടുക്കള എന്നിവയാണ് ഈ വീട്ടിലുള്ളത്. ഒരു മുറിയുടെ ബാല്‍ക്കണി വിമാനത്തിന്റെ കോക്പിറ്റിന്‍റെ മാതൃകയിലാണ് നിര്‍മ്മിച്ചത്. വീടിന്റെ പ്രവേശന കവാടം ആകട്ടെ ട്രെയിനും! ട്രെയിനിന്റെ വാതില്‍ തുറന്നുകയറുന്നത് ഹാളിലേക്കാണ്. വലിയൊരു ഹാള്‍ സ്ലൈഡിങ് ഡോറുകള്‍ ഉപയോഗിച്ച് ഭാഗിച്ചാണ് സിറ്റ് ഔട്ട്‌, ഹാള്‍, അടുക്കള എന്നിവ ക്രമീകരിച്ചിരിക്കുന്നത്.

വാതിലുകള്‍ എല്ലാം സ്ലൈഡ് ചെയ്ത് നീക്കാവുന്നവയാണ്. കോണ്‍ക്രീറ്റ് വീട് നിര്‍മ്മിക്കുന്നതിലും കുറഞ്ഞ ചെലവിലാണ് സ്റ്റീല്‍ വാടൊരുക്കിയതെന്ന് തോമസ് പറയുന്നു. കൂടാതെ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ പ്രത്യേകത കൊണ്ട് വീടിനകത്ത് എപ്പോഴും നല്ല തണുപ്പാണ്. എയര്‍ കണ്ടീഷണറിന്റെ ആവശ്യമില്ല. ബഹ്‌റൈനില്‍ നഴ്‌സാണ് തോമസിന്റെ ഭാര്യ. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഒരാള്‍ കേരളത്തിലും ഒരാള്‍ ബഹ്‌റൈനിലും പഠിക്കുകയാണ്. ബഹ്‌റൈനിലുള്ള ഭാര്യയും മകനും തിരിച്ചെത്തിയിട്ട് എല്ലാവരും ഒരുമിച്ച് തന്റെ 'കൗതുക വീട്ടി'ല്‍ താമസിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് തോമസ്. 


 

Follow Us:
Download App:
  • android
  • ios