റിയാദ്​: ആവശ്യമുള്ള തൊഴിലാളികളെ വാടകയ്​ക്ക്​ എടുക്കാനും കൈമാറാനും അനുവദിക്കുന്ന ‘അജീർ’ സംവിധാനത്തിൽ കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി. കാറ്ററിങ്​, ഭക്ഷ്യോൽപന്ന മേഖലകളെയാണ്​ പുതുതായി തൊഴിൽ മന്ത്രാലയത്തിന്‍റെ അജീർ സംവിധാനത്തിലുൾപ്പെടുത്തിയത്​. ഈ മാറ്റം മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ആശ്വാസമാകും.

വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം, സൗദിയിലുള്ള തൊഴിലാളികളെ നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സേവനമാണ് അജീര്‍. വിവിധ സ്ഥാപനങ്ങളിലായി അധികമുള്ള തൊഴിലാളികളേയും താല്‍ക്കാലികമായി ആവശ്യമില്ലാത്ത തൊഴിലാളികളേയും സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ നിശ്ചിത കാലത്തേക്ക് മറ്റൊരു സ്ഥാപനത്തിന് നിയമാനുസൃതം കൈമാറാന്‍ ഈ സംവിധാനം വഴി സാധിക്കും.

2014 മുതലാണ് സൗദിയില്‍ അജീർ സംവിധാനം ആരംഭിച്ചത്. നിര്‍മാണം, കൃഷി, ഫാര്‍മസി, ആരോഗ്യമേഖല എന്നീ നാല് മേഖലകൾ​ മാത്രമേ അജീർ സംവിധാനത്തിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ഇതിന് പുറമെയാണ് ഇപ്പോള്‍ കാറ്ററിങ്​, ഭക്ഷ്യ വസ്തു മേഖലയെ കൂടി ഉൾപ്പെടുത്തിയത്​. ഈ മേഖലകളില്‍ മലയാളികളുടെ സാന്നിദ്ധ്യം ശക്തമാണ് സൗദിയില്‍. അതിനാല്‍ തന്നെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ രംഗത്ത് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ മാറ്റം.