പഠനത്തില്‍ ഉഴപ്പനായ താന്‍ രക്ഷപ്പെടില്ലെന്ന് മറ്റ് അധ്യാപകര്‍ പരിഹസിച്ചപ്പോള്‍ ആത്മവിശ്വാസം പകര്‍ന്ന് കൂടെ നിന്ന  കണക്കു ടീച്ചറെ ദുബായില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും ശ്രീകുമാര്‍ മറന്നില്ല. 

ദുബായ്: കാല്‍ നൂറ്റാണ്ടിനു ശേഷം ക്ലാസ് ടീച്ചറെ തേടിപ്പിടിച്ച് സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് കൊണ്ടുവന്ന ശ്രീകുമാര്‍ ഗുരുശിഷ്യ ബന്ധത്തിന്റെ വേറിട്ട കഥപറയുകയാണ്. എഴുപത്തിയൊന്നാം വയസ്സില്‍ ഇന്ദിരടീച്ചര്‍ക്ക് ഇത് ഗള്‍ഫിലേക്കുള്ള അപ്രതീക്ഷിത യാത്രയും.

തൃശ്ശൂര്‍ ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ പഴയ പത്താംക്ലാസുകാരന്‍ ശ്രീകുമാറാണ് കാല്‍നൂറ്റാണ്ടിനിപ്പുറം തന്റെ ക്ലാസ് ടീച്ചറെ ദുബായിലേക്ക് കൊണ്ടുവന്നത്. പഠനത്തില്‍ ഉഴപ്പനായ താന്‍ രക്ഷപ്പെടില്ലെന്ന് മറ്റ് അധ്യാപകര്‍ പരിഹസിച്ചപ്പോള്‍ ആത്മവിശ്വാസം പകര്‍ന്ന് കൂടെ നിന്ന കണക്കു ടീച്ചറെ ദുബായില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും ശ്രീകുമാര്‍ മറന്നില്ല. അധ്യാപികയെന്നതിലുപരി തനിക്ക് അമ്മയെ പോലെയായിരുന്നു ടീച്ചറെന്ന് ശ്രീകുമാര്‍ പറയുന്നു.

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കയക്കുന്ന കാലത്ത് തന്നെ തേടിപ്പിടിച്ച് ഗള്‍ഫിലേക്ക് കൊണ്ടുന്ന ശിഷ്യന്റെ സ്നേഹത്തിനു മുന്നില്‍ ഇന്ദിരടീച്ചര്‍ക്ക് പറയാന്‍ വാക്കുകളില്ല. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റുമായി ഗള്‍ഫിലേക്കെത്തിയ ശ്രൂകുമാര്‍ ഇന്ന് അഞ്ചോളം കമ്പനിയുടെ ഉടമയാണ്. ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ ടീച്ചര്‍ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.