ഫുജൈറ: യുഎഇയില്‍ ദിവസവും ആയിരത്തോളം പേര്‍ക്ക് നോമ്പ് തുറയൊരുക്കുകയാണ് കായംകുളം തത്തിയൂര്‍ സ്വദേശി സജി ചെറിയാന്‍. അല്‍ഹൈല്‍ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ സജി തന്നെ നിര്‍മ്മിച്ച പള്ളിയിലാണ് വിഭവസമൃദ്ധമായ നോമ്പുതുറ. വിവിധ രാജ്യക്കാരായ പ്രവാസി നോമ്പുകാര്‍ ദിവസവും ഇവിടെയെത്തും.

ഇതരമത വിശ്വാസിയായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ പള്ളിയാണ് സജി ചെറിയാന്‍ നിര്‍മിച്ച'മറിയം ഉമ്മു ഈസ' (മറിയം ഈസയുടെ മാതാവ്) എന്ന പള്ളി. പള്ളി നിര്‍മിക്കുന്നതിന് മുന്‍പ് ഇഫ്താര്‍ ടെന്റുകളില്‍ പോയി സജി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമായിരുന്നു.  തൊഴിലാളികള്‍ പള്ളിയിലേക്ക് ഏറെ ദൂരം നടന്നുപോകേണ്ടിയിരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സ്വന്തമായി പള്ളി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഫുജൈറയിലെ ഇസ്ലാമികകാര്യ വകുപ്പില്‍ നിന്ന് ആവശ്യമായ അനുമതികളെല്ലാം വാങ്ങി അദ്ദേഹം പള്ളിയുടെ നിര്‍മാണം തുടങ്ങി. നിരവധിപ്പേര്‍ സഹായവുമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും പള്ളി നിര്‍മാണം ഒറ്റയ്ക്ക് പൂര്‍ത്തിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും ഇപ്പോള്‍ നോമ്പുതുറക്കാനായി പള്ളിയിലെത്തും. അവര്‍ക്ക് വ്യത്യസ്ഥമായ വിഭവങ്ങളൊരുക്കി നോമ്പ് തുറപ്പിക്കുകയാണ് ഈ മലയാളി.

2003ല്‍ യുഎഇയിലെത്തുമ്പോള്‍ സജിയുടെ കൈവശം ആകെയുണ്ടായിരുന്നത് 630 ദിര്‍ഹമായിരുന്നു. ആദ്യം നിര്‍മാണ തൊഴിലാളിയായും പിന്നീട് കോണ്‍ട്രാക്ടറായും ജോലി ചെയ്തു. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപറാണ് അദ്ദേഹം.

കടപ്പാട്: ഖലീജ് ടൈംസ്