ദുബൈ: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം കാറിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച പ്രവാസിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നിയമനടപടികള്‍ ആരംഭിച്ചു. നേപ്പാള്‍ സ്വദേശിയായ 29കാരിയെ പീഡിപ്പിച്ചതിന് 31കാരനായ പാകിസ്ഥാനിയാണ് അറസ്റ്റിലായത്. 

ഗാര്‍ഹിക തൊഴിലാളിയായ യുവതി ജോലി തേടി ഓണ്‍ലൈനില്‍ പരസ്യം കൊടുത്തു. ഇതു കണ്ട പാകിസ്ഥാന്‍കാരന്‍ അയാളുടെ അമ്മയെ നോക്കാന്‍ സഹായത്തിന് ആളെ വേണമെന്ന രീതിയില്‍ യുവതിയെ ബന്ധപ്പെട്ടു. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അമ്മ താമസിക്കുന്നിടത്തേക്ക് കൊണ്ടുപോകാമെന്ന വ്യാജേന ഇയാള്‍ സ്ത്രീയെ കാറില്‍ക്കയറ്റി. ശൈഖ് സായിദ് റോഡിലൂടെ വാഹനമോടിച്ച ഇയാള്‍ കാറിനുള്ളില്‍ വെച്ച് സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. കൊവിഡ് വ്യാപനമാണെന്നും ശരീരത്തില്‍ തൊടരുതെന്നും പല തവണ യുവതി ഇയാളോട് പറഞ്ഞെങ്കിലും കൊവിഡ് വൈറസിനെ തനിക്ക് പേടിയില്ലെന്ന് പറഞ്ഞ പ്രതി സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും സ്പര്‍ശിച്ചു.

തുടര്‍ന്ന് സ്ത്രീ തന്റെ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. അതിന് ശേഷം പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രതി ഇവരെ അല്‍ ഖൂസ് ഏരിയയില്‍ ഇറക്കി വിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. അമ്മയെ നോക്കാന്‍ ആളെ വേണമെന്ന രീതിയിലാണ് പ്രതി ആദ്യം വിളിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. 

ദമ്പതികള്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. യുവതിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്ന് ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുണ്ട്. കേസിലെ അടുത്ത വാദം ഡിസംബര്‍ 20നാണ്.