അബുദാബിയില്‍ കടലിനോട് ചേര്‍ന്നുള്ള റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കടുത്ത മാനസിക അഘാതം സംഭവിച്ച ഏഷ്യക്കാരനായ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കടലില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. 

അബുദാബി: വാഹനാപകടത്തെ തുടര്‍ന്ന് പരിഭ്രാന്തനായി കടലില്‍ ചാടിയ ഡ്രൈവറെ സാഹസികമായി രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇന്നലെയാണ് അബുദാബി പൊലീസ് പുറത്തുവിട്ടത്. കടലില്‍ ചാടി ഡ്രൈവറെ രക്ഷിക്കുന്നതിന്റെ രേഖാ ചിത്രവും പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

അബുദാബിയില്‍ കടലിനോട് ചേര്‍ന്നുള്ള റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കടുത്ത മാനസിക അഘാതം സംഭവിച്ച ഏഷ്യക്കാരനായ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കടലില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് പട്രോള്‍ സംഘത്തോട് ഡ്രൈവര്‍ കടലില്‍ ചാടിയ വിവരം നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ട്രാഫിക് പട്രോള്‍ സംഘത്തിലെ ഫസ്റ്റ് അസിസ്റ്റന്റ് റഷീദ് സലീം അല്‍ ശെഹി ഉടന്‍ തന്നെ ഇയാളെ രക്ഷിക്കാനായി കടലിലേക്ക് ചാടുകയായിരുന്നു.

മിനിറ്റുകള്‍ക്കം തന്നെ ഡ്രൈവറെ പൊലീസ് ഉദ്യോഗസ്ഥന്‍ വെള്ളത്തില്‍ നിന്ന് പുറത്തെത്തിച്ചു. ബോധം നഷ്ടപ്പെട്ട് അവശനിലയിലായിരുന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവര്‍ക്ക് 10 ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. അപകടത്തിന് ശേഷമുള്ള മാനസിക ആഘാതവും ശക്തമായ തിരമാലകളുണ്ടായിരുന്ന കടലില്‍ വീണത് കൊണ്ടുള്ള മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും പൊലീസ് അറിയിച്ചു.

അപകടകരമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ റഷീദ് സലീം അല്‍ ശെഹിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാഹസിക പ്രവൃത്തിക്ക് വിവിധ കോണുകളില്‍ നിന്നാണ് അദ്ദേഹത്തെ പ്രശംസകള്‍ തേടിയെത്തുന്നത്. എന്നാല്‍ മനുഷ്യന്റെ ജീവന്‍ രക്ഷിക്കുകയെന്നത് പൊലീസുകാരന്റെ കര്‍ത്തവ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെട്ടെന്ന് ഇടപെടല്‍ ആവശ്യമായിരുന്ന സാഹചര്യത്തില്‍ തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അപകടസ്ഥലത്ത് തന്നെ സഹായിച്ച രണ്ട് ഏഷ്യക്കാര്‍ക്ക് നന്ദിയും അറിയിച്ചു.