അബുദാബി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദേശിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ റോഡില്‍ പറന്നിറങ്ങി അബുദാബി പൊലീസ്. അബുദാബിയിലെ റാസിനിലുണ്ടായ അപകടത്തിലാണ് ഏഷ്യക്കാരന് പരിക്കേറ്റത്.

അപകടത്തെക്കുറിച്ച് അബുദാബി പൊലീസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രാഫിക്, ആംബുലന്‍സ്, മെഡിക്കല്‍ സംഘങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും സ്ഥലത്തേക്ക് അയച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് പരിക്കേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ പൊലീസിന്റെ എയര്‍ വിങ് സംഘം എയര്‍ ആംബുലന്‍സ് എത്തിച്ചു. സാരമായി പരിക്കേറ്റ ഇയാളെ മഫ്‍റഖ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 

എയര്‍ ആംബുലന്‍സുകള്‍ക്ക് പുറമെ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, റോഡുകളുടെ നിരീക്ഷണം, ഏരിയല്‍ ഫോട്ടോഗ്രഫി തുടങ്ങിയവയ്ക്കാണ് അബുദാബി പൊലീസ് എയര്‍ വിങിനെ ഉപയോഗപ്പെടുത്തുന്നത്. തിരക്കേറിയ റോഡുകളില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പറന്നിറങ്ങുന്നതും ഇവര്‍ തന്നെ.