റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഏഷ്യക്കാരനായ യുവാവ് മരിച്ചു. ചൊവ്വാഴ്ചയുണ്ടായ അപകടത്തിലാണ് 28കാരന്‍ മരിച്ചത്. 

വകലത് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് അനുവദിക്കാത്ത ഭാഗത്ത് കൂടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 40കാരനായ സ്വദേശി ഓടിച്ച വാഹനമിടിച്ച് യുവാവ് മരിച്ചത്. രാത്രി 10.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്നും പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ അംഗങ്ങളും ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും അപകടം നടന്ന് തല്‍ക്ഷണം യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നെന്ന് റാസല്‍ഖൈമ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ സാം അല്‍ നഖ്ബി അറിയിച്ചു. കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ച സ്ഥലത്ത് കൂടി മാത്രം റോഡ് മുറിച്ചു കടക്കണമെന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.