Asianet News MalayalamAsianet News Malayalam

യുഎഇയിലെ ബീച്ചില്‍ തിരയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു

മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം പുറത്തുവന്നിട്ടില്ല. അപകടത്തിന് സാക്ഷിയായ ഒരു അറബ് പൗരനാണ് വിവരം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. ഏഷ്യക്കാരായ ദമ്പതികള്‍ കടലില്‍ അകപ്പെട്ടുവെന്ന വിവരമാണ് ഇയാള്‍ അധികൃതരെ അറിയിച്ചത്. 

Expat man drowned to death in UAE beach while trying to rescue his drowning wife
Author
First Published Jan 23, 2023, 10:49 PM IST

ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു. ഇയാളുടെ ഭാര്യയെ പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഞായറാഴ്‍ച വൈകുന്നേരംം അല്‍ മംസര്‍ ബീച്ചിലായിരുന്നു അപകടം. പ്രത്യേക സംഘം നടത്തിയ തെരച്ചിലിനൊടുവില്‍ പിന്നീട് മൃതദേഹം കണ്ടെത്തി.

മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം പുറത്തുവന്നിട്ടില്ല. അപകടത്തിന് സാക്ഷിയായ ഒരു അറബ് പൗരനാണ് വിവരം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. ഏഷ്യക്കാരായ ദമ്പതികള്‍ കടലില്‍ അകപ്പെട്ടുവെന്ന വിവരമാണ് ഇയാള്‍ അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യയെ സുരക്ഷിതമായി കരക്കെത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ ഭര്‍ത്താവിനെ കണ്ടെത്താനായില്ല. വിശദമായ തെരച്ചിലിനൊടുവില്‍ പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രഥമ ശുശ്രൂഷയും അടിയന്തര വൈദ്യസഹായവും നല്‍കാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും, കടലില്‍ നിന്ന് കണ്ടെത്തുമ്പോഴേക്കും യുവാവിന് ജീവന്‍ നഷ്ടമായിരുന്നു.

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിപ്പോയതെന്ന് പിന്നീടാണ് അധികൃതര്‍ മനസിലാക്കിയത്. മരണകാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി. മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് കടലില്‍ നീന്തരുതെന്നും പൊതുജന സുരക്ഷ മുന്‍നിര്‍ത്തി അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ നീന്താന്‍ പാടുള്ളൂ. ശക്തമായ തിരമാലകള്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇത് സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കണം. രാത്രി കാലങ്ങള്‍ ഉള്‍പ്പെടെ നിരോധിത സമയങ്ങളില്‍ നീന്താന്‍ പാടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Read also: രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Follow Us:
Download App:
  • android
  • ios