മസ്‌കറ്റ്: ഒമാനില്‍ വിദേശികളുടെ ജനസംഖ്യയില്‍ വന്‍ കുറവ്. ഓഗസ്റ്റില്‍ അമ്പതിനായിരത്തിലധികം പേരുടെ കുറവാണ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ജൂലൈയില്‍ 18.01 ലക്ഷമായിരുന്ന വിദേശികളുടെ എണ്ണം ഓഗസ്റ്റ് മാസത്തില്‍ 17.47 ലക്ഷമായി കുറഞ്ഞു. ആകെ 53,895 പേരാണ് ഒരു മാസത്തിനിടെ ഒമാന്‍ വിട്ടതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ സ്വദേശികളുടെ എണ്ണത്തില്‍ 6000 പേരുടെ വര്‍ധവും രേഖപ്പെടുത്തി. നേരത്തെ 27.26 ലക്ഷം ഉണ്ടായിരുന്ന സ്വദേശി ജനസംഖ്യ 27.32 ലക്ഷമായി ഉയര്‍ന്നു. അതേസമയം രാജ്യത്തെ മൊത്തം ജനസംഖ്യ ഓഗസ്റ്റ് മാസം 44.80 ലക്ഷമായി കുറഞ്ഞു. 3.88 ശതമാനം കുറവാണ് 2019 ഓഗസ്റ്റ് മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിലുണ്ടായിട്ടുള്ളത്.

രാജ്യത്തെ 11 ഗവര്‍ണറേറ്റുകളിലെയും ജനസംഖ്യയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മസ്‌കറ്റിലാണ്, 6.2 ശതമാനം. ഒരു മാസത്തിനിടെ 27,000 വിദേശികളാണ് മസ്‌കറ്റ് വിട്ടത്. ദോഫാറിലെ ജനസംഖ്യയില്‍ 5.6 ശതമാനത്തിന്റെ കുറവുണ്ടായി. 2.07 ലക്ഷമായിരുന്ന വിദേശി ജനസംഖ്യ 2.02 ലക്ഷമായി കുറഞ്ഞു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പ്രതിമാസ ബുള്ളറ്റിനിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.