ദുബൈ: തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ദുബൈയില്‍ 24കാരനെതിരെ വിചാരണ തുടങ്ങി. പാകിസ്ഥാന്‍ സ്വദേശിയായ ഇയാള്‍ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി കൊണ്ടാണ് സുഹൃത്തിനെ കുത്തിയത്. കുത്തേറ്റ പാകിസ്ഥാന്‍ സ്വദേശി ചികിത്സ തേടിയിരുന്നില്ല. പിറ്റേ ദിവസമാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇയാള്‍ മരിച്ചത്.

കേസിലെ പ്രതിയുടെ താമസ സ്ഥലത്തുവെച്ച് കഴിഞ്ഞ നവംബറിലായിരുന്നു സംഭവമെന്ന് കോടതി രേഖകള്‍ പറയുന്നു. കൊല്ലപ്പെട്ടയാള്‍ പ്രതിയെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണം. പ്രതി അടുക്കളയില്‍ പോയി പഴങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തിയെടുത്തുകൊണ്ടുവന്ന് വയറ്റില്‍ കുത്തുകയായിരുന്നു.

കുത്തേറ്റയാള്‍ തന്റെ സുഹൃത്തായ മറ്റൊരു പാകിസ്ഥാനി ഡ്രൈവറെ ഫോണില്‍ വിളിക്കുകയും, സത്‍വയില്‍ വെച്ച് താന്‍ ഒരാളുമായി വഴക്കുണ്ടാക്കിയെന്നും തന്നെ ഉമ്മുല്‍ഖുവൈനിലെ താമസ സ്ഥലത്ത് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷീണിതനായിരുന്ന ഇയാള്‍ മദ്യലഹരിയിലുമായിരുന്നെന്നും വസ്‍ത്രങ്ങളിലൊന്നും രക്തം പുരണ്ടിരുന്നില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കി. പിറ്റേ ദിവസമാണ് ഇയാള്‍ മരണപ്പെട്ട വാര്‍ത്ത അറിയുന്നത്.

രാത്രി 10 മണിയോടെയാണ് ഇയാള്‍ മുറിയിലെത്തിയതെന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തും മൊഴി നല്‍കി. ഭക്ഷണം കഴിക്കാതെ നേരെ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. രാവിലെ പെയിന്‍ കില്ലര്‍ ആവശ്യപ്പെട്ട് തന്നെ വിളിച്ചെങ്കിലും താന്‍ ജോലിക്ക് പോയിരുന്നു. പിന്നീടാണ് മരണ വാര്‍ത്ത അറിഞ്ഞതെന്നും ഒപ്പം താമസിച്ചിരുന്ന പാകിസ്ഥാന്‍ സ്വദേശി പറഞ്ഞു.

കുത്തേറ്റതിന് ശേഷം കുടലിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു. വാക്കുതര്‍ക്കത്തിനൊടുവില്‍ കുത്തിയ വിവരം പ്രതി സമ്മതിച്ചു. കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.