അബുദാബി: യുഎഇയില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ.ജി നൈനാന്റെ മകന്‍ അനില്‍ നൈനാന്‍ (32) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയിലുണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്. ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അനിലിനെ ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവിടെ നിന്ന് ചൊവ്വാഴ്ച അബുദാബി മഫ്‍റഖ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയായിരുന്നു അന്ത്യം.