അബുദാബി: യുഎഇയില്‍ മന്ത്രവാദം നടത്തിയ കുറ്റത്തിന് വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം  ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമറാന്‍ അഹ്‍മദ് അല്‍ മസ്റൂഇ പറഞ്ഞു.

മന്ത്രവാദവും ഇതുമായ ബന്ധപ്പെട്ട ചില കര്‍മങ്ങളും നടത്തുന്നതിനിടെയാണ് വിദേശിയായ സ്ത്രീ പിടിയിലായതും. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇടപാടുകാരുമായി ബന്ധപ്പെടുകയും പിന്നീട് തന്റെ ഫ്ലാറ്റില്‍ വെച്ച് മന്ത്രാവാദം നടത്തുകയുമായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്. തനിക്ക് കുടുംബപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഇത്തരം കര്‍മങ്ങളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് സ്ത്രീ അവകാശപ്പെട്ടു. ഇതിന് ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നതായും ഇവര്‍ സമ്മതിച്ചു.

ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരക്കാരെ പിടികൂടാന്‍ പൊതുജനങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.