മനാമ: ബഹ്റൈനില്‍ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ അറസ്റ്റ് ചെയ്‍തു. സല്‍മാബാദിലെ ഒരു ലേബര്‍ ക്യാമ്പിലായിരുന്നു സംഭവം. രക്തത്തില്‍ കുളിച്ച നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. പ്രോസിക്യൂട്ടര്‍മാരോട് പ്രതി കുറ്റംസമ്മതിച്ചു.

സംഭവ സ്ഥലത്തുനിന്ന് രക്ഷപെടാനായി ഇയാള്‍ കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതി ഇപ്പോള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലാണ്. അല്‍ മുഅയ്യദ് ക്ലീനിങ് ആന്റ് മെയിന്റനന്‍സ് കമ്പനിയിലെ ജീവനക്കാരനായ രാജ് ബഹദൂര്‍ സുനുവാര്‍ എന്നയാളാണ് മരണപ്പെട്ടത്.

അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍ക്കുമിടയിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും രണ്ട് നിലകളില്‍ വെവ്വേറെ മുറികളിലാണ് താമസിച്ചിരുന്നെങ്കിലും ഭക്ഷണ സമയത്തടക്കം എപ്പോഴും ഒരുമിച്ചായിരുന്നുവെന്ന് ഒപ്പം താമസിച്ചിരുന്നവര്‍ പറഞ്ഞു.