ഇക്കഴിഞ്ഞ ഏപ്രിലില്‍ തങ്ങളുടെ പഴയ വീട്ടുജോലിക്കാരി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു ഫോട്ടോ യാദൃശ്ചികമായാണ് പഴയ സ്‍പോണ്‍സറുടെ ഭാര്യയുടെ ശ്രദ്ധയില്‍പെട്ടത്.  

ദുബൈ: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്‍ടിച്ച വീട്ടുജോലിക്കാരി വര്‍ഷങ്ങള്‍ക്ക് ശേഷം കുടുങ്ങി. പിടിയിലാവുന്നതിന് കാരണമായതാവട്ടെ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു ചിത്രവും. ദുബൈയിലാണ് 47കാരിയായ പ്രവാസി വനിത നാടകീയമായി അറസ്റ്റിലായത്.

ജൂമൈറയിലെ ഒരു വീട്ടില്‍ 2013 മുതല്‍ 2018വരെയാണ് ഇവര്‍ ജോലി ചെയ്‍തിരുന്നത്. ഇക്കാലയളവില്‍ വീട്ടുമയുടെ ഭാര്യയുടെയും അവരുടെ മക്കളുടെയും ഏതാനും ആഭരണങ്ങള്‍ മോഷണം പോയിരുന്നു. ജോലിക്കാരിയോട് ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തങ്ങളുടെ പഴയ വീട്ടുജോലിക്കാരി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു ഫോട്ടോ യാദൃശ്ചികമായാണ് പഴയ സ്‍പോണ്‍സറുടെ ഭാര്യയുടെ ശ്രദ്ധയില്‍പെട്ടത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ വീട്ടില്‍ നിന്ന് നഷ്‍ടമായ ആഭരണവും ധരിച്ചായിരുന്നു ജോലിക്കാരി ഫോട്ടോയ്‍ക്ക് പോസ്‍ ചെയ്തിരുന്നത്. തങ്ങളുടെ മകളുടെ പേരുള്ള ചെയിനാണ് ജോലിക്കാരി ധരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടത്തിയ പൊലീസ് സംഘം സ്ത്രീയെ അറസ്റ്റ് ചെയ്യുകയും മോഷണം പോയ ആഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്‍തു.