റാസല്‍ഖൈമ: തിങ്കളാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ പ്രവാസി മരിച്ചു. സംഭവത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സ്വദേശികള്‍ സഹോദരങ്ങളാണെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു.

കാറില്‍ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ വ്യക്തമായതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അശ്രദ്ധമായും അമിത വേഗത്തിലും സുരക്ഷിതമായ അകലം പാലിക്കാതെയും വാഹനം ഓടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.