ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് ലഭിച്ചത് 58 കോടി രൂപയുടെ ഭാഗ്യസമ്മാനം. മറ്റ് മൂന്ന് പേര്‍ക്ക് 75,000 ദിര്‍ഹം വീതം ലഭിച്ചു.
അബുദാബി: ബിഗ് ടിക്കറ്റിന്‍റെ 276-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാന്‍ഡ് പ്രൈസായ 2.5 കോടി ദിര്‍ഹം (58 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് നാസര്‍ മുഹമ്മദ് ബലാല്‍ ആണ് സമ്മാനം നേടിയത്. 061080 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് വമ്പൻ വിജയം നേടിക്കൊടുത്തത്. ജൂൺ 24നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയാണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികൾ സമ്മാന വിവരം അറിയിക്കാൻ മുഹമ്മദിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാനായില്ല.
ഗ്രാന്‍ഡ് പ്രൈസിന് പുറമെ മറ്റ് മൂന്ന് പേർ 75,000 ദിര്‍ഹം വീതം സമ്മാനവും നേടി. 095727 എന്ന ടിക്കറ്റ് നമ്പരിലൂടെ ഫിലിപ്പീന്‍സ് സ്വദേശിയായ ഷെര്‍വിന്‍ മനിങ്കാസ്, 063899 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഷിജിന്‍ രാജ് രാജന്‍, 412879 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള വൈക്കൽ ജോര്‍ജ് തോമസ് ബിനു എന്നിവരാണ് സമ്മാനങ്ങൾ നേടിയത്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യയിൽ നിന്നുള്ള ഗീതമ്മാൾ ശിവകുമാര്‍ നിസാന്‍ പെട്രോൾ സീരീസ് 01 സ്വന്തമാക്കി. 034308 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
