റിയാദ്: കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റ് പ്രവാസികളെ പരിഗണിക്കുന്നതാണെന്ന് സൗദിയിലെ പൊതുവിലയിരുത്തല്‍. അതേസമയം പ്രതിപക്ഷാനുകൂല സംഘടനകളായ ഒ.ഐ.സി.സി, കെ.എം.സി.സി, സമന്വയ തുടങ്ങിയവയൊന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രവാസികളെ കാര്യമായി പരിഗണിച്ച ബജറ്റെന്ന് വാഴ്ത്തി ഇടത് അനുകൂല സംഘടനകൾ രംഗത്തെത്തി.  

പ്രവാസികളുടേതടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയിൽ പോലും ജനക്ഷേമപരമായ നിരവധി പദ്ധതികൾ ഉൾപ്പെടുത്തി, നാടിന്റെ സർവതോന്മുഖമായ പുരോഗതിയെ ലക്ഷ്യമിട്ട് ഇത്തരത്തിൽ ഒരു ബജറ്റ് അവതരിപ്പിച്ച ഇടതുസർക്കാരിനെ അഭിനന്ദിക്കുന്നതായും സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

പ്രവാസി വകുപ്പിന് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത് 30 കോടിയായിരുന്നെങ്കിൽ അത് ഇത്തവണ 90 കോടിയായി വർധിപ്പിച്ചു. ഒമ്പത് കോടി രൂപ പ്രവാസി ക്ഷേമനിധിക്കും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ മൊത്തം 68 കോടി രൂപ പ്രവാസികൾക്ക് വേണ്ടി ചെലവഴിച്ചപ്പോൾ പിണറായി സർക്കാർ ഇതുവരെ 152 കോടി രൂപ പ്രവാസികൾക്ക് വേണ്ടി ചെലവഴിച്ചു. ക്ഷേമ പെൻഷനുകൾ 1200ൽ നിന്നും 1300 ആയി വർധിപ്പിച്ചും ഉച്ചക്കഞ്ഞി പാചക തൊഴിലാളികൾക്ക് ദിവസക്കൂലിയിൽ 50രൂപ വർധിപ്പിച്ചും ‘ആശാ’ പ്രവർത്തകരുടെ ഓണറേറിയത്തിൽ അഞ്ഞൂറ് രൂപ വർധിപ്പിച്ചും സ്ത്രീകളുടെ ക്ഷേമത്തിനായി എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചും കാൻസറിനും അവയവമാറ്റ ശാസ്ത്രക്രിയകൾക്ക് ശേഷമുള്ള മരുന്നുകൾക്കും വിലകുറക്കാൻ നിർദേശിച്ചും കേരളീയ സമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ബജറ്റാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.


നാടിൻ വികസനത്തിനും പ്രവാസികൾക്കും ഗുണകരമാകുന്ന ബജറ്റ്: നവോദയ
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സമർദ്ദങ്ങൾക്കിടയിലും ജനോപകാര പ്രദവും സാമൂഹികനീതി ഉറപ്പാക്കുന്നതുമായ ഒരു ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് റിയാദിലെ നവോദയ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കും വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കും വിവിധ സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

നഴ്‌സുമാർക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം, പ്രവാസി ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും, പ്രവാസി ക്ഷേമനിധിക്ക് 90 കോടി രൂപ, ലോക കേരള സഭക്ക് 12  കോടി രൂപ, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ട് കോടി രൂപ, പ്രവാസി സാന്ത്വനം പദ്ധതിക്ക് 27 കോടി രൂപ എന്നിവ അനുവദിച്ചത് പ്രവാസികൾക്ക് പ്രയോജനകരമാണ്. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കെയർ ഹോം പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കായി ജോബ് പോർട്ടൽ തുടങ്ങാൻ ഒരു കോടി രൂപയും വൈവിധ്യ പോഷണത്തിന് രണ്ട് കോടി രൂപയും വകയിരുത്തി. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പരിശീലനം, സാങ്കേതിക പരിശീലനം, ഐ.ടി. പരിശീലനം, സോഫ്റ്റ് സ്കിൽ തുടങ്ങിയവും ക്രാഷ് കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രവാസികളെ വളരെ പ്രാധാന്യത്തോടെ പരിഗണിച്ച ബജറ്റാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.

യാഥാർഥ്യബോധമുള്ള ബജറ്റ്: ന്യൂഏജ്
ഇടതു സർക്കാരിന്റേ യാഥാർഥ്യബോധമുള്ള ബജറ്റാണെന്ന് റിയാദിലെ ന്യൂഏജ് ഇന്ത്യ സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ പുരോഗതി, സ്ത്രീശാക്തീകരണം, വ്യവസായ-കാർഷിക മേഖല വികസനം തുടങ്ങി തൊഴിലാളികൾക്കും സാധാരണക്കാർക്കും ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ, പ്രവാസിക്ഷേമത്തിനും മുൻഗണന നൽകിയിട്ടുള്ള ജനപ്രിയ ബജറ്റാണ് ഇതെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രവാസി വകുപ്പിന് 90  കോടി, ലോക കേരള സഭക്ക് 12 കോടി, വിദേശജോലി ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് പ്രത്യേക പരിശീലന പദ്ധതി, പ്രവാസി ചിട്ടിയോടൊപ്പം ഇൻഷുറൻസും പെൻഷനും തുടങ്ങി പ്രവാസിക്ഷേമത്തിന് മുൻഗണന നൽകുന്ന പ്രവാസി സൗഹാർദ ബജറ്റാണ് ഇതെന്നും കെ.എസ്.ടി.പി മരുന്ന് നിർമാണത്തിലേക്ക് കടക്കുന്നു എന്നത് സർക്കാരിന്റെ മികച്ച കാൽവെപ്പാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.