റിയാദ്: പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടം കുടവട്ടൂർ സ്വദേശി അമ്പാടിയിൽ മധുസൂദനൻ (58) ആണ് മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഫാബ്രിക്കേറ്റർ ജോലി ചെയ്തുവരുകയിരുന്നു. 

രണ്ടാഴ്ച മുമ്പ് പനി ബാധിച്ചു ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെടുകയും ജുബൈൽ ക്രൈസിസ് മാനേജ്‌മൻറ് പ്രതിനിധി സയ്യിദ് മേത്തറുടെ നേതൃത്വത്തിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. വീട്ടിൽ ക്വറൻറീൻ ചെയ്യാൻ നിർദേശിച്ചിരുന്നു. തനിക്ക് കൊവിഡ് ബാധിച്ചതാവുമെന്ന ധാരണയിൽ താമസസ്ഥലത്ത് ഇദ്ദേഹം മാനസിക പിരിമുറുക്കം പ്രകടിപ്പിക്കുകയും ക്രൈസിസ് മാനേജ്‌മെൻറ് ടീം  കോൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. നാട്ടിൽ നിന്നും കുടുംബവും അദ്ദേഹത്തെ വിളിച്ചു സമാധാനപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടർന്ന് താമസസ്ഥലത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പരിശോധനാഫലം ഇനിയും വന്നിട്ടില്ല. ഭാര്യ: സുധർമ്മ. മക്കൾ: അഭിരാമി, അഭിജിത്.