സജിയുടെ പിതാവ് ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരണപ്പെട്ടിരുന്നു. ഒരാഴ്‍ചയ്ക്കിടെ കുടുംബത്തിലുണ്ടായ മൂന്ന് മരണങ്ങള്‍ നാട്ടിലും സൗദിയിലെ പ്രവാസികള്‍ക്കിടയിലും വേദനയുണര്‍ത്തി.

റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അദ്ദേഹത്തിന്റെ അമ്മയും ഒരേ ദിവസം മരണപ്പെട്ടു. സൗദി അറേബ്യയിലെ യൂംബൂവില്‍ ജോലി ചെയ്‍തിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സജി എസ്. നായര്‍ (44), അമ്മ വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്‍ച രാവിലെ മരണപ്പെട്ടത്. സജിയുടെ പിതാവ് ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരണപ്പെട്ടിരുന്നു. ഒരാഴ്‍ചയ്ക്കിടെ കുടുംബത്തിലുണ്ടായ മൂന്ന് മരണങ്ങള്‍ നാട്ടിലും സൗദിയിലെ പ്രവാസികള്‍ക്കിടയിലും വേദനയുണര്‍ത്തി.

അവധിക്ക് നാട്ടിലെത്തിയ സജി യാംബുവിലേക്ക് തിരിച്ചുപോകുവാന്‍ തയ്യാറെടുക്കുകയായിരുന്നു. മെയ് എട്ടിന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്‍തിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം യാത്ര മുടങ്ങുകയായിരുന്നു. തുടര്‍ന്ന് ബഹ്റൈന്‍ വഴി തിരികെപ്പോകാന്‍ ശ്രമം നടത്തിയെങ്കിലും അതിനിടെ കൊവിഡ് ബാധിക്കുകയായിരുന്നു. കൊവിഡ് ചികിത്സക്കിടെയാണ് മരണപ്പെട്ടത്. 2003 മുതല്‍ സൗദി അറേബ്യയില്‍ പ്രവാസിയായ സജി, യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ - അനുപമ. മക്കള്‍ - ഗൗരി, ഗായത്രി.