റിയാദ്: സ്വദേശി വനിതകള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന തസ്‍തികകളില്‍ ജോലി ചെയ്‍തിരുന്ന അഞ്ച് വിദേശ വനിതകള്‍ അറസ്റ്റിലായി. റിയാദിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വനിതാ ഉദ്യോഗസ്ഥരടങ്ങിയ സംഘം രാത്രിയാണ് തലസ്ഥാന നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.

പിടിയിലായവരില്‍ ഒരാള്‍ സ്വദേശി വനിതയുടെ പേരിലുള്ള ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സഹിതമാണ് ജോലി ചെയ്‍തിരുന്നത്. അഞ്ഞൂറിലേറെ സ്ഥാപനങ്ങളില്‍ ഒറ്റ ദിവസം തന്നെ പരിശോധന നടത്തിയ സംഘം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 67 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. അസീറിലും കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ലേഡീസ് ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മസാജ് സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശോധന. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങള്‍ അടപ്പിച്ചു.