ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മാര്‍ച്ച് 28ന് കേസ് പരിഗണിച്ചപ്പോള്‍ മയക്കുമരുന്ന് കൈവശം വെച്ചതായും അവ ഉപയോഗിച്ചിരുന്നതായും രണ്ട് പ്രതികളും സമ്മതിച്ചു. എന്നാല്‍ വില്‍പന നടത്തിയെന്ന ആരോപണം ഇവര്‍ നിഷേധിച്ചു. 

മനാമ: ബഹ്റൈനില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസി യുവാവ് കോടതിയില്‍ മാപ്പ് അപേക്ഷിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമാണെന്ന് താനെന്നും മറ്റ് നടപടികള്‍ ഒഴിവാക്കി നാട്ടിലേക്ക് നാടുകടത്തണമെന്നുമാണ് മാപ്പപേക്ഷയില്‍ പറയന്നത്. നൂറ് ഗ്രാമിലധികം ഹാഷിഷ്, വില്‍പനയ്ക്ക് വേണ്ടി കൈവശം വെച്ചതിനാണ് 32 വയസുകാരനായ യുവാവ് അറസ്റ്റിലായത്. ഇതേ കേസില്‍ 40 വയസുകാരനായ മറ്റൊരു പ്രവാസിയും വിചാരണ നേരിടുന്നുണ്ട്.

ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മാര്‍ച്ച് 28ന് കേസ് പരിഗണിച്ചപ്പോള്‍ മയക്കുമരുന്ന് കൈവശം വെച്ചതായും അവ ഉപയോഗിച്ചിരുന്നതായും രണ്ട് പ്രതികളും സമ്മതിച്ചു. എന്നാല്‍ വില്‍പന നടത്തിയെന്ന ആരോപണം ഇവര്‍ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പ്രതികളിലൊരാള്‍ കോടതിയില്‍ മാപ്പ് പറഞ്ഞത്. 

'ചെയ്തുപോയ പ്രവൃത്തികളില്‍ അതിയായി ദുഃഖിക്കുന്നു. കോടതിക്ക് മുന്നില്‍ മാപ്പ് അപേക്ഷിക്കുന്നു. വളരെ മോശമായ ജീവിത സാഹചര്യങ്ങളാണ് എനിക്ക് നാട്ടിലുള്ളത്. അച്ഛന്‍ മരിച്ചതില്‍ പിന്നെ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഞാന്‍. അച്ഛന്റെ സംസ്‍കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. അഞ്ച് സഹോദരിമാരെയും നാല് സഹോദരന്മാരെയും പരിപാലിക്കുന്നത് ഞാനാണ്. അവര്‍ക്ക് ഞാനല്ലാതെ മറ്റൊരു ആശ്രയമില്ല. എന്റെ അവസ്ഥ പരിഗണിച്ച് മാപ്പ് നല്‍കുകയും നാട്ടിലേക്ക് കയറ്റികയക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു' എന്നാണ് കോടതിയില്‍ എഴുതി നല്‍കിയ മാപ്പ് അപേക്ഷയില്‍ പറയുന്നത്.

സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് രണ്ട് പ്രതികളെയും പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് നിയോഗിച്ച രഹസ്യ ഏജന്റുമാര്‍ ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ സമീപിച്ച് മയക്കുമരുന്ന് ആവശ്യപ്പെടുകയും പിന്നാലെ ഇവരെ കുടുക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സല്‍മാബാദിലെ തന്റെ താമസ സ്ഥലത്തു നിന്നാണ് പൊലീസ് റെയ്‍ഡിനിടെ അറസ്റ്റിലായതെന്ന് പ്രതികളില്‍ ഒരാളുടെ മൊഴിയിലുണ്ട്. ഹാഷിഷും അത് തൂക്കി നല്‍കുന്നതിനുള്ള ത്രാസുകളും പണവും ഇവിടെ നിന്ന് കണ്ടെടുത്തു. എല്ലാം സ്വകാര്യ ഉപയോഗത്തിനുള്ള സാധനങ്ങളാണെന്നാണ് പ്രതികളുടെ വാദം. കേസ് കോടതി ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി വെച്ചു. രണ്ട് പ്രതികളും കസ്റ്റഡിയിലാണ്.

Read also: ഒരു തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കമാവുന്നു; കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും