ഷാര്‍ജ: എന്നും സഹജീവികള്‍ക്കായി മാത്രം ജീവിച്ച നിധിന്റെ വേര്‍പാട് തീര്‍ത്ത നൊമ്പരത്തിലാണ് പ്രവാസികള്‍. ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനെന്നതിലുപരി പ്രാവാസികളുടെ എല്ലാ പ്രതിസന്ധികളിലും ആശ്വാസ നടപടികളുമായി നിധിനുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്.

കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി 'ഇന്‍കാസ്' സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടില്‍ പോകാന്‍ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.

സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പിൽ എം.എൽ.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിധിനും പകരം രണ്ടു പേർക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടെയാണ് 28കാരനായ അദ്ദേഹത്തെ അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.

സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിധിന്‍ ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ  ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ നാട്ടിലേക്ക് പോയതിന് ശേഷം ബാച്ചിലര്‍ അക്കൊമൊഡേഷനിലേക്ക് മാറിയ അദ്ദേഹം രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കാതെ വന്നപ്പോള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച സുഹൃത്തുക്കളാണ് ചലനമറ്റ നിലയില്‍ നിധിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വൈദ്യസഹായം തേടി. ഉറക്കത്തിനിടെ രാത്രി തന്നെ നിധിന്‍ മരിച്ചതായാണ് നിഗമനം.

നേരത്തെ തന്നെ അദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയിരുന്നു. വീണ്ടും അസുഖം വന്നിരുന്നെങ്കിലും ഡോക്ടറെ സമീപിക്കാതെ സഹജീവികൾക്ക് കൊവിഡ് കാലത്തുപോലും രക്തം എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം.