മസ്‍കത്ത്: ഒമാനിൽ  നിന്നും 13 വിമാനങ്ങളിലായി 2500 ഓളം പ്രവാസികൾ ഇന്നലെ കേരളത്തിലേക്ക് മടങ്ങിയെങ്കിലും, തൊഴിൽ നഷ്ടപ്പെട്ട ധാരാളംപേർ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നിൽക്കുന്നുവെന്ന്  സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും  ഇതുവരെ നാട്ടിലേക്ക് മടങ്ങാനുള്ള ഫോൺ സന്ദേശം  ലഭിക്കാത്ത പ്രവാസികളാണ് ആശങ്കയിൽ. വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യൻ  സമൂഹത്തിന്റെ ആവശ്യം.

തൊഴിൽ നഷ്ടപ്പെട്ടും, താമസസ്ഥലമില്ലാതെയും  ആഹാരത്തിന് പ്രയാസപ്പെട്ടും ആയിരക്കണക്കിന് പ്രവാസികളാണ്  ഒമാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്. എന്നാൽ ഹതഭാഗ്യരായ ഈ പ്രവാസികൾക്ക് എംബസിയിലോ രാഷ്ട്രീയ സംഘടനകളിലോ, മത കൂട്ടയ്മകളിലോ സ്വാധീനമില്ലാത്തതുകൊണ്ട് മടക്കയാത്ര വെറും സ്വപനം മാത്രമാണ്. ടിക്കറ്റ്‌ പോലും എടുക്കുവാൻ  കഴിയാത്ത ഇവർ പാസ്‍പോർട്ടുമായി  വിമാനത്തവാളത്തിൽ നേരിട്ടെത്തി എങ്ങനെയെങ്കിലും മടക്കയാത്രക്കുള്ള അവസരത്തിനായി അപേക്ഷിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ഏതെങ്കിലും ഒരു വിമാനത്തിൽ കേരളത്തിലേക്ക് ഒരു ടിക്കറ്റ് ലഭിക്കുവാനായി തലേ ദിവസം രാത്രി മുതൽ ആഹാരം പോലും കഴിക്കാതെ  മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരിക്കുന്ന നിരവധി പ്രവാസികളെ കാണാൻ  കഴിഞ്ഞതായി വേൾഡ് മലയാളി കൗൺസിൽ ഒമാന്‍ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ഷെറിമോൻ പി.സി പറഞ്ഞു. എംബസി ഉദ്യോഗസ്ഥരും പ്രവാസി സംഘടനാ പ്രവർത്തകരും ഇവരെ സഹായിക്കുവാനായി രംഗത്തുണ്ടെങ്കിലും നീണ്ട കാത്തിരുപ്പും ആശങ്കയും അവസാനിക്കുന്നില്ലായെന്നും  അദ്ദേഹം പറഞ്ഞു. 

വന്ദേ ഭാരത് മിഷന്റെ  ഒരു വിമാനത്തിന് പുറമെ  12 ചാർട്ടേർഡ് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്‌. 13 വിമാനങ്ങളിലായി 2450ഓളം പ്രവാസികൾ നാടണഞ്ഞു. കെ.എം.സി.സിയുടെ അഞ്ച് വിമാനങ്ങളും ഐ.സി.എഫും, ഡബ്ലിയു.എം.സിയും രണ്ടു വിമാനങ്ങളും,  ഒ.ഐ.സി.സി, സേവാ ഭാരതി, വടകര അസോസിയേഷൻ  എന്നീ കൂട്ടായ്മകൾ ഒരു വിമാനം വീതവുമാണ് പ്രവാസികൾക്ക് ഒമാനിൽ നിന്നും കേരളത്തിലേക്ക്  മടങ്ങുവാനായി ഒരുക്കിയിരുന്നത്.

വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ ഇതിനോടകം 27  വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. നോര്‍ക്ക റൂട്ട്സിന്റെ കണക്കുള്‍ പ്രകാരം കേരളത്തിലേക്ക് മടങ്ങാനായി 33,752  പ്രവാസികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജൂൺ 21  വരെ 6421 പേരാണ് കേരളത്തിലേക്ക് മടങ്ങിയത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

ഒമാനിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതും തങ്ങൾക്ക് നേരിട്ട് അറിയാവുന്നവർ പോലും കൊവിഡ്  ബാധിച്ച് മരണപെടുന്നതും പ്രവാസികൾക്കിടയിൽ കൂടുതൽ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായ 75 റിയാൽ പോലും വളരെ  കൂടുതലാണെന്നിരിക്കെ ചാർട്ടേർഡ് വിമാനങ്ങളുടെ  ടിക്കറ്റ്‌ നിരക്ക് 100 മുതൽ 120  റിയൽ വരെയാണ്. താഴേക്കിടയിലുള്ള ധാരാളം പ്രവാസികൾ മടക്കയാത്രക്കായി കാത്തിരിക്കുന്നതിനാൽ  അടിയന്തരമായി  വന്ദേ ഭാരത്  ദൗത്യത്തിന് കീഴിൽ കൂടുതൽ വിമാന സർവീസുകൾ ഒമാനിൽ നിന്നുമുണ്ടാകണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.