കുവൈത്ത് സിറ്റി: പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നു.  പൊലീസ് യൂണിഫോമിലും അറബികളുടെ വേഷത്തിലുമൊക്കെ എത്തുന്ന തട്ടിപ്പുകാര്‍ വിവിധ മന്ത്രാലയങ്ങളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് വേഷത്തിലെത്തുന്നവര്‍ക്ക് പുറമെ സ്വദേശികളുടെ വേഷം ധരിച്ച് മാന്‍പവര്‍ അതോറ്റിയുടെയോ മറ്റ് മന്ത്രാലയങ്ങള്‍, മുനിസിപ്പാലിറ്റി എന്നിവയുടെയോ ജീവനക്കാരാണെന്ന് അവകാശപ്പെടുന്നവരുമുണ്ട്. വിദേശികളോട് സിവില്‍ ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെടുകയും ശേഷം പഴ്‍സ് തട്ടിപ്പറിച്ച് വാഹനങ്ങളില്‍ രക്ഷപെടുകയും ചെയ്യുന്നതാണ് രീതി. വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയും വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഈജിപ്‍ഷ്യന്‍ പൗരനും ബംഗ്ലാദേശ് പൗരനും തട്ടിപ്പിനിരയായി. നേരത്തെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞ ഒരു മാസത്തോളമായി വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ. മഹബൂല, ഫിന്‍താസ്, ജഹ്റ, അബൂഹലീഫ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചല്ലാതെ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ സംഘടിത ശ്രമമാണോയെന്നും സംശയിക്കപ്പെടുന്നുണ്ട്.