റിയാദ്: സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരുമടക്കം നിരവധി മലയാളികളാണ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ 19 വിമാനങ്ങളിലായി ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത് 3000 പേരെ മാത്രം. 

ജോലി നഷ്ട്ടപ്പെട്ട് ഭക്ഷണത്തിനുപോലും വകയില്ലാതെ മാസങ്ങളായി കാത്തിരിക്കുന്നവരുൾപ്പെടെ നാട്ടിലേക്കു മടങ്ങാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തതവരുടെ എണ്ണം 85,000 കവിഞ്ഞു. എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണെന്നിരിക്കെ കൂടുതൽ വിമാന സർവീസ് കേരളത്തിലേക്ക് വേണമെന്നാവശ്യമാണ് ശക്തമാകുന്നത്. ഈ ആവശ്യം ഉന്നയിച്ച് ദമ്മാം ലീഡേഴ്‌സ് ഫോറം പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

19 വിമാനങ്ങളിലായി 3000 പേരെ മാത്രമാണ് സൗദിയിൽ നിന്ന് ഇതുവരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കാനായതെന്ന് എംബസി തന്നെ വ്യക്തമാക്കുന്നു. അതേസമയം സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ വിമാന സർവീസുകളുടെ പട്ടിക ഇന്ന് എംബസി പുറത്തിറക്കി. ജൂൺ പത്തിന് തുടങ്ങുന്ന പുതിയ പട്ടികയിൽ ഇരുപത് സർവീസുകളാണുള്ളത്. ഇതിൽ പതിനൊന്ന് സർവീസാണ് കേരളത്തിലേക്കുള്ളത്. എന്നാൽ ശരാശരി നൂറ്റിഅൻപതോളം പേർക്ക് യാത്ര ചെയ്യാവുന്ന ചെറു വിമാനങ്ങളിൽ എത്ര നാളുകൊണ്ടു സൗദിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കഴിയുമെന്നതാണ് പ്രവാസികളുടെ ആശങ്ക.