റിയാദ്: സൗദി അറേബ്യയിൽ ലെവി ഇളവിന്​ വേണ്ടി സ്‌പോൺസർഷിപ്പ് മാറുന്നവർക്കെതിരെ​ നടപടി വരുന്നു. ​അങ്ങനെ സ്​പോൺസർഷിപ്പ്​ മാറ്റം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി വ്യവസായ വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറൈഫ് മുന്നറിയിപ്പ് നൽകി. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ ​ലെവി അഞ്ച്​ വർഷം സർക്കാർ വഹിക്കുമെന്ന നിയമം നിലവിൽ വന്നതിന് ശേഷം ഇത്തരത്തിൽ വ്യാപകമായി സ്‌പോൺസർഷിപ്പ് മാറ്റം നടക്കുന്നത്​ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ മന്ത്രിയുടെ മുന്നറിയിപ്പ്.

വ്യവസായ രംഗത്തെ നിക്ഷേപകരിൽ നിന്നുണ്ടായ അന്വഷണങ്ങൾക്ക് ട്വിറ്റർ ഹാൻഡിലിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. 2019 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ ലെവി അഞ്ച്​ വർഷത്തേക്ക് സർക്കാർ വഹിക്കുമെന്ന ഇളവ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിലാവുകയും ചെയ്​തു.

സൗദി വിഷൻ 2030ന്റെ ഭാഗമായി വ്യവസായ മേഖലയിലെ നിക്ഷേപകരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, നിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാൽ ഈ ആനുകൂല്യത്തെ ചിലർ ദുരുപയോഗപ്പെടുത്തുകയാണെന്നാണ്​ ഇത്തരത്തിലുള്ള സ്​പോൺസർഷിപ്പ്​ മാറ്റ പ്രവണതയിൽ നിന്ന്​ മനസിലാകുന്നത്​. ഇത്​ അനുവദിക്കാനാവില്ല. അതുകൊണ്ട്​ തന്നെ സ്‌പോൺസർഷിപ്പ് മാറ്റം കർശന നിരീക്ഷണത്തിന്​ വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.