മദീന: രാജ്യത്തുള്ള വിദേശികളായ മുഴുവന്‍ പ്രവാസികളുടെയും സംരക്ഷണം ഞങ്ങളുടെ ചുമതലയാണെന്നും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അവര്‍ക്കുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. മദീനയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികളുടെ താമസത്തിനായി ഒരുക്കുന്ന പാര്‍പ്പിട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് അദ്ദേഹം പ്രവാസികളുടെ മേല്‍ രാജ്യത്തിനുള്ള ഉത്തരവാദിത്വത്തെ കുറിച്ച് പറഞ്ഞത്. 

മാന്യമായ രീതിയില്‍ ഉപജീവന മാര്‍ഗം തേടിയെത്തിയവരാണ് വിദേശികള്‍. അവര്‍ക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും അവരുടെ കാര്യങ്ങള്‍ക്ക് ശ്രദ്ധയും പരിഗണയും നല്‍കുവാനും ഗവണ്‍മെന്റ് എപ്പോഴും ശ്രദ്ധചെലുത്തുണ്ട്. രാജ്യത്തെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവര്‍ നല്‍കിവരുന്ന സംഭാവന വലുതാണ്. അവര്‍ രാജ്യത്തിന് ഒരു ഭാരമല്ല. രാജ്യത്തെ പ്രവര്‍ത്തന മേഖലയില്‍ അവര്‍ പ്രധാനഘടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

തൊഴിലാളികളോട് മികച്ചതും മാനുഷിക രീതിയിലുമുള്ള പെരുമാറ്റമാണ് മതം നമ്മോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അവര്‍ക്കുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സുരക്ഷിതരും സംതൃപ്തരുമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെ നല്ല നിലയില്‍ അവരെ പരിചരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെക്കുറിച്ച് നല്ലൊരു ചിത്രം അവരുടെ മനസിലുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.