റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നധികൃതമായി ഹുക്ക വിതരണം ചെയ്ത വിദേശികള്‍ അറസ്റ്റില്‍. കോഫി ഷോപ്പ് തൊഴിലാളികളായ വിദേശികളെ സുരക്ഷാ ഉദ്യോഗസ്ഥരും റിയാദ് നഗരസഭയും ചേര്‍ന്നാണ് പിടികൂടിയത്.

ഹുക്ക ആവശ്യക്കാരുടെ വീടുകളിലെത്തിക്കുന്നതിന് പുതിയ മാര്‍ഗമാണ് ഇവര്‍ സ്വീകരിച്ചത്. ഓറഞ്ചുകള്‍ മുറിച്ച് അതിലെ അല്ലികള്‍ നീക്കം ചെയ്ത ശേഷം ഹുക്ക പുകയിലെ നിറച്ച് ജ്യൂസ് ഗ്ലാസുകളില്‍ ഫിറ്റ് ചെയ്താണ് ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചുനല്‍കിയിരുന്നത്. ഹുക്ക വിതരണത്തിന് വിലക്കുള്ളതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് ഇവര്‍ പുതിയ മാര്‍ഗം സ്വീകരിച്ചത്. പിടിയിലായ തൊഴിലുടമയെയും ഹുക്ക വിതരണ മേഖലയില്‍ ജോലി ചെയ്ത എത്യോപ്യക്കാരെയും ബംഗ്ലാദേശുകാരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.