റിയാദ്: സ്വന്തം നാട്ടുകാരനെ ബന്ദിയാക്കി സ്വദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട ബംഗ്ലാദേശികള്‍ റിയാദില്‍ അറസ്റ്റില്‍. ബന്ദിയാക്കിയ ശേഷം മോചനദ്രവ്യമായി 25,000 റിയാല്‍ ആവശ്യപ്പെട്ടതിന് മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു.

ബംഗ്ലാദേശ് സ്വദേശി തന്നെയായ വ്യക്തിയെ ബന്ദിയാക്കിയ പ്രതികള്‍ നാട്ടിലുള്ള ഇയാളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് ഇയാളെ ബന്ദിയാക്കിയ ലബന്‍ ഡിസ്ട്രിക്ടിലെ ഫ്‌ലാറ്റ് കണ്ടെത്തി. ഇയാളെ മോചിപ്പിച്ച സുരക്ഷാ വകുപ്പുകള്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.