മുസന്റം ഗവര്‍ണറേറ്റിലെ ഖസബ് പ്രവിശ്യയില്‍ ഇവരുടെ കള്ളക്കടത്ത് ശ്രമം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പരാജയപ്പെടുത്തുകയായിരുന്നു.

മസ്‍കത്ത്: ഒമാനില്‍ ഡീസല്‍ കള്ളക്കടത്ത് നടത്തിയ എട്ട് പ്രവാസികളെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മുസന്റം ഗവര്‍ണറേറ്റിലായിരുന്നു സംഭവം. 60,000 ലിറ്റര്‍ ഡീസലാണ് ഇവര്‍ അനധികൃതമായി കടത്തിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുസന്റം ഗവര്‍ണറേറ്റിലെ ഖസബ് പ്രവിശ്യയില്‍ ഇവരുടെ കള്ളക്കടത്ത് ശ്രമം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പരാജയപ്പെടുത്തുകയായിരുന്നു. പിടിയിലാവരെല്ലാം ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.