കുട്ടികളിലും കൗമാരക്കാരിലും വിറ്റാമിൻ ഡിയുടെ കുറവ് വ്യാപകം. ഖത്തർ മെഡിക്കൽ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
ദോഹ: ഖത്തറിലെ കുട്ടികളിലും കൗമാരക്കാരിലും വിറ്റാമിൻ ഡിയുടെ കുറവ് ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. രാജ്യത്തെ സ്‌കൂൾ കുട്ടികളിൽ നടത്തിയ പരിശോധനയിലാണ് ഭൂരിഭാഗം പേരിലും വിറ്റാമിൻ ഡിയുടെ അളവ് നിശ്ചിത പരിധിയിലും താഴെയാണെന്ന് കണ്ടെത്തിയത്. ഖത്തർ മെഡിക്കൽ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യത്ത് വിറ്റാമിൻ ഡിയുടെ കുറവ് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് കൗമാരപ്രായത്തിലുള്ള കുട്ടികളിൽ, അതിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പെൺകുട്ടികളാണെന്ന് പഠനത്തിൽ പറയുന്നു. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ ഒരു വർഷത്തിനിടെ ചികിത്സ തേടിയ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും ഏകദേശം 49,000 ഇലക്ട്രോണിക് മെഡിക്കൽ രേഖകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഖത്തറിലെ പീഡിയാട്രിക് ജനസംഖ്യയിൽ വിറ്റാമിൻ ഡി നില പരിശോധിക്കുന്ന ഇതുവരെയുള്ള ഏറ്റവും വലിയ ജനസംഖ്യാടിസ്ഥാനത്തിലുള്ള പഠനങ്ങളിൽ ഒന്നാണിത്. ശിശുക്കളിൽ ഗുരുതരമായ വിറ്റാമിൻ ഡി കുറവിന്റെ നിരക്ക് താരതമ്യേന കുറവാണെങ്കിലും പ്രായം കൂടുന്തോറും ഇത് കുത്തനെ ഉയരുന്നതായി കണ്ടെത്തി.
ഒരു വയസ്സിന് താഴെയുള്ള ശിശുക്കളിൽ 3.8 ശതമാനവും, ഒന്നു മുതൽ നാല് വയസ് വയസ്സ് വരെയുള്ള കുട്ടികളിൽ 3.4 ശതമാനവും മാത്രമാണ് ഗുരുതരമായ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ 10 മുതൽ 17 വയസ് വരെയുള്ള കൗമാരക്കാരിൽ 40 ശതമാനം പേർക്ക് ഗുരുതരമായ വിറ്റാമിൻ ഡി കുറവ് കണ്ടെത്തി. രക്തത്തിലെ വിറ്റാമിൻ ഡി അളവ് 10 ng/mL-നു താഴെയായതിനെയാണ് ഗുരുതര കുറവായി കണക്കാക്കുന്നത്.
വിശകലനത്തിൽ പ്രായം, ലിംഗഭേദം, ദേശീയത, അമിതവണ്ണം എന്നിവ ഗുരുതര വിറ്റാമിൻ ഡി കുറവിനെ സ്വാധീനിക്കുന്ന പ്രധാന കാരണങ്ങളായി നിരീക്ഷിച്ചു. പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ആൺകുട്ടികളിൽ 15.3 ശതമാനം പേർക്ക് ഗുരുതരമായ കുറവ് കണ്ടെത്തിയപ്പോൾ, പെൺകുട്ടികളിൽ ഇത് 30.4 ശതമാനമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളേക്കാൾ അപകടകരമാം വിധം വിറ്റാമിൻ ഡി കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളേക്കാൾ കൗമാരക്കാർക്ക് വിറ്റാമിൻ ഡിയുടെ ഗുരുതരമായ കുറവ് ഉണ്ടാകാനുള്ള സാധ്യത പതിനേഴ് മടങ്ങ് കൂടുതലാണ്. പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ 2.4 മടങ്ങ് അധികവുമാണ്. ദക്ഷിണേഷ്യൻ വംശജരായ കുട്ടികൾക്ക് മറ്റ് പ്രദേശങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് ഗുരുതരമായ കുറവുണ്ടാകാനുള്ള സാധ്യത 5.7 മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. അമിതവണ്ണമുള്ള കുട്ടികളും കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിലാണ്. നല്ല വെയിലുള്ള കാലാവസ്ഥയുള്ള, സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന രാജ്യമായിട്ടും ഖത്തറിൽ ഈ സാഹചര്യം നിലനിൽക്കുന്നത് ഗൗരവകരമാണ്. കുട്ടികൾ കൂടുതൽ സമയവും വീടിനുള്ളിൽ ചെലവഴിക്കുന്നതും, പുറത്തിറങ്ങിയുള്ള കായിക വിനോദങ്ങളുടെ കുറവും ഭക്ഷണശീലങ്ങൾ, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും വിറ്റാമിൻ ഡി അളവ് കുറയുന്നതിന് കാരണമാകുന്നതായി ഗവേഷകർ വിലയിരുത്തുന്നു. പോഷകാഹാരക്കുറവും ഇതിന് ആക്കം കൂട്ടുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് എല്ലുകളുടെ ബലക്ഷയത്തിനും, പ്രതിരോധശേഷി കുറയുന്നതിനും, ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ശരീരവളർച്ചയ്ക്കും അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. കുട്ടികളിൽ വിറ്റാമിൻ ഡിയുടെ ഗുരുതരമായ കുറവ് റിക്കറ്റ്സ്, എല്ലുകളുടെ ബലക്ഷയം, ഭാവിയിൽ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഖത്തറിൽ വിറ്റാമിൻ ഡി കുറവ് പരിഹരിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴും ഏകദേശം മൂന്നിൽ ഒന്ന് ഭാഗം കുട്ടികളും കൗമാരക്കാരും വിറ്റാമിൻ ഡി കുറവ് അനുഭവിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളെ ലക്ഷ്യമാക്കി അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൗമാരക്കാരുടെ ഭക്ഷണക്രമത്തിൽ വിറ്റാമിൻ ഡി അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്താനും, മിതമായ രീതിയിൽ സൂര്യപ്രകാശം ഏൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
കൗമാരക്കാർ, പെൺകുട്ടികൾ, ചില പ്രത്യേക ജനവിഭാഗങ്ങൾ എന്നിവർക്കായി ശക്തമായ പരിശോധന, സപ്ലിമെന്റേഷൻ പദ്ധതികൾ, ഭക്ഷ്യ ഫോർട്ടിഫിക്കേഷൻ, ബോധവത്കരണ ക്യാമ്പയിനുകൾ എന്നിവ നടപ്പാക്കണമെന്ന് പഠനം ശുപാർശ ചെയ്യുന്നു. കുട്ടികൾക്കിടയിൽ വിറ്റാമിൻ ഡി നില മെച്ചപ്പെടുത്താൻ സ്കൂളുകളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങളും സുരക്ഷിതമായ സൂര്യപ്രകാശ സമ്പർക്കവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നു. ഖത്തറിലെ മുതിർന്നവരിലെ വിറ്റാമിൻ ഡി കുറവിനെക്കുറിച്ചുള്ള മുൻകാല ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഖത്തറിലെ ഭാവി ആരോഗ്യനയങ്ങൾ രൂപപ്പെടുത്തുന്നതിനും പ്രൈമറി ഹെൽത്ത് കെയർ തലത്തിലെ പരിശോധന, ചികിത്സാ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുന്നതിനും ഈ കണ്ടെത്തലുകൾ സഹായകമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.


