അബുദാബി: യുഎഇയില്‍ ഈ വര്‍ഷം മുതല്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങും. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്. ഈ വര്‍ഷം മേയിലാണ് യുഎഇ ക്യാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് യുഎഇയുടെ ലക്ഷ്യം.

50 ലക്ഷം ദിർഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവര്‍ക്ക് അഞ്ചു വർഷം കാലാവധിയുള്ള താമസ വിസ നല്‍കും. വിവിധ മേഖലകളില്‍ ഒരു കോടി ദിർഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. പ്രശസ്ത കമ്പനകളുടെ ഉടമകള്‍ക്കും ഇങ്ങനെ ബിസിനസ് പങ്കാളിത്തമുള്ളവര്‍ക്കും ഇങ്ങനെ വിസ ലഭിക്കും. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെയെങ്കിലും സംരംഭങ്ങള്‍ രാജ്യത്തുള്ളവര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. സംരംഭകർ, പങ്കാളികൾ, മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടമാർ, ഭാര്യയും കുട്ടികളും അടങ്ങുന്ന ഇവരുടെ കുടുംബം എന്നിവര്‍ക്കും സംരംഭകരുടെ ആനുകൂല്യം ലഭിക്കും. മാനദണ്ഡങ്ങൾ പാലിച്ചാൽ ഇത് നിക്ഷേപക വിസയായി ഉയർത്താനും അനുവദിക്കും. 

ഗവേഷകർക്കും 10 വര്‍ഷം കാലവധിയുള്ള വിസ ലഭിക്കും. ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ തുടങ്ങിയവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുപുറമെ യുഎഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭ തെളിയിച്ചവര്‍ക്കും ദീർഘകാലം രാജ്യത്ത് താമസിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കണമെങ്കില്‍ പബ്ലിക് സെക്കൻഡറി സ്കൂളുകളിൽ നിന്ന് 95 ശതമാനം മാർക്കോടെയുള്ള വിജയമോ സർവകലാശാലകളിൽ നിന്ന് കുറഞ്ഞത് 3.75 ജി.പി.എയോടുകൂടി ഡിസ്റ്റിങ്ഷനോ ആണ് ആവശ്യം. ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും വിദ്യാർഥി വിസയുടെ ആനുകൂല്യം ലഭിക്കും. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കും ദീര്‍ഘകാല കാലാവധിയുള്ള വിസ ലഭിക്കും.