ദുബായ്: അവശ്യ മരുന്ന് കിട്ടാൻ വഴിയില്ലാതെ ഗൾഫിലെ പ്രവാസികൾ ദുരിതത്തിൽ. നാട്ടിൽ നിന്ന് മരുന്ന് എത്തിച്ച് കഴിച്ചിരുന്ന ഹൃദ്രോഗികൾ അടക്കമുള്ളവരാണ് വിമാന സർവ്വീസുകൾ ഇല്ലാതായതോടെ പ്രതിസന്ധി നേരിടുന്നത്. പ്രശ്ന പരിഹാരത്തിന് കാര്‍ഗോ വിമാനത്തില്‍ മരുന്ന് എത്തിക്കാന്‍ നടപടി വേണമെന്നാണ് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ആവശ്യം.

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് പ്രയാസത്തിലായത്. ഗള്‍ഫിലെ സാധാരണക്കാരായ തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പര്യാപ്തമായി വരാതിരിക്കുമ്പോള്‍ നാടിനെയാണ് ചികിത്സയിക്ക് ആശ്രയിക്കാറ്. നിരവധി അറബ് സ്വദേശികളും ഇന്ത്യയില്‍ ചികിത്സ തേടാറുണ്ട്. 

ഇത്തരക്കാര്‍ നാട്ടില്‍ പോയിവരുമ്പോള്‍ ഡോക്ടറുടെ കുറിപ്പടിയോടെ മരുന്നു കൊണ്ടുവരാറാണ് പതിവ്. എന്നാല്‍ കൊവിഡ് 19 മൂലം യാത്രാവിമാനങ്ങൾ നിലച്ചതോടെ ഈ വഴിയടഞ്ഞു. കഴിക്കുന്ന പല മരുന്നുകളും അതേ പേരിൽ ഗള്‍ഫില്‍ ലഭ്യവുമല്ല. ഇതിന് പകരമായി കഴിക്കാവുന്ന വില കൂടിയ ചില മരുന്നുകൾ ഉണ്ടെങ്കിലും അവ വിദേശികൾക്ക് നൽകുന്നില്ല.

ഗള്‍ഫില്‍ സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഡോക്ടറെ കണ്ട് മരുന്ന് മാറ്റി എഴുതി കഴിക്കാനും വഴിയില്ല. വലിയ ആശുപത്രികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുവെങ്കിലും ഗുരുതരമായ കേസുകളും ശസ്ത്രക്രിയയും മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. 

സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ മരുന്ന് മുടക്കുന്നത് രോഗം കടുക്കാനും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകുന്നു. അതുകൊണ്ട് അത്യാവശ്യമായി വേണ്ടുന്ന മരുന്നുകള്‍ കാര്‍ഗോ വിമാനത്തില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ആവശ്യം.