വോട്ട് ചെയ്യാനായി യുഎഇയില്‍ നിന്ന് കേരളത്തിലേക്കൊഴുകുന്ന മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഗള്‍ഫിലെ മാധ്യമങ്ങളില്‍ പോലും ഇടംപിടിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേരെങ്കിലും വോട്ട് ചെയ്യാന്‍ നാട്ടിലെത്തുമെന്നാണ് കെഎംസിസി ഭാരവാഹികളെ ഉദ്ധരിച്ച് ഗള്‍ഫിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അബുദാബി: ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍ ആവേശത്തിലാണ് ഗള്‍ഫിലെ മലയാളികളും. രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കൊക്കെ നാട്ടിലേതിനേക്കാള്‍ വലിയ ആവേശമാണ് മറുനാട്ടില്‍. കേരളത്തില്‍ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കവെ ആയിരക്കണക്കിന് പ്രവാസികള്‍ വോട്ട് ചെയ്യാനായി നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്.
വോട്ട് ചെയ്യാനായി യുഎഇയില്‍ നിന്ന് കേരളത്തിലേക്കൊഴുകുന്ന മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഗള്‍ഫിലെ മാധ്യമങ്ങളില്‍ പോലും ഇടംപിടിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേരെങ്കിലും വോട്ട് ചെയ്യാന്‍ നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് ദിനം ലക്ഷ്യമിട്ട് നേരത്തെ തന്നെ മലയാളികള്‍ അവധി ക്രമീകരിച്ച് നാട്ടിലേക്ക് തിരിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നു മുതല്‍ ഇത്തരം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത്. കോഴിക്കോടേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ചൊവ്വാഴ്ച മാത്രം 500 പേരെയാണ് കെഎംസിസിയുടെ നേതൃത്വത്തില്‍ എത്തിക്കുന്നത്. ഒരുമിച്ച് ഇത്രയധികം പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൊണ്ട് വിമാന കമ്പനികള്‍ പ്രത്യേക ഇളവുകളും അനുവദിക്കാറുണ്ട്. ശരാശരി 900 ദിര്‍ഹമാണ് യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഇപ്പോള്‍ ഈടാക്കുന്നത്.
ദിവസങ്ങള്‍ മാത്രം അവധിയെടുത്ത് ടിക്കറ്റൊന്നും നോക്കാതെ കിട്ടുന്ന വിമാനത്തില്‍ നാട്ടിലെത്തുന്നവരുമുണ്ട്. ഏപ്രില്‍ 22ന് ടിക്കറ്റ് ബുക്ക് ചെയ്തവരുമുണ്ട് നിരവധി. ഒരു ദിവസമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കണമെന്നാണ് കടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. വിമാനക്കൂലിയല്ല തെരഞ്ഞെടുപ്പ് വിജയമാണ് പ്രധാനമെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു.
