Asianet News MalayalamAsianet News Malayalam

ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച് വൈറലായ പ്രവാസികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബൈ ഭരണാധികാരി

ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് ഇവര്‍ക്ക് പാരിതോഷികം കൈമാറിയത്.

expats from viral cat rescue video get reward from Sheikh Mohammed
Author
Dubai - United Arab Emirates, First Published Aug 27, 2021, 7:11 PM IST

ദുബൈ: ദുബൈയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സമയോചിതമായി രക്ഷപ്പെടുത്തിയ മലയാളികളടക്കം നാല് പ്രവാസികള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സമ്മാനം. കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ്, ആര്‍ടിഎ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിര്‍ മുഹമ്മദ്, മൊറോക്കന്‍ സ്വദേശി അഷ്‌റഫ്, പാകിസ്ഥാനി ആതിഫ് മഹ്മൂദ് എന്നിവര്‍ക്കാണ് 50,000 ദിര്‍ഹം(10 ലക്ഷം രൂപ)വീതം സമ്മാനമായി നല്‍കിയത്.

ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് ഇവര്‍ക്ക് പാരിതോഷികം കൈമാറിയത്. ഈ മാസം 24ന് രാവിലെ ദേര അല്‍ മറാര്‍ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഇവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിന് താഴെ ഇവര്‍ തുണി വിടര്‍ത്തിപ്പിടിച്ച് നിന്നു. കൃത്യമായി തുണിയിലേക്ക് ചാടിയ പൂച്ച പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. അബ്ദുല്‍ റാഷിദ് ആണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.

കെട്ടിടത്തിന് മുമ്പില്‍ കട നടത്തുന്ന അബ്ദുല്‍ റാഷിദ് പകര്‍ത്തിയ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുബൈ ഭരണാധികാരി തന്നെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും പൂച്ചയെ രക്ഷിച്ച പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ' എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios