മസ്‍കത്ത്: വിസയുടെയും മറ്റ് രേഖകളുടെയും കാലാവധി അവസാനിച്ച പ്രവാസികള്‍ പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇപ്പോഴത്തെ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇങ്ങനെ മടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ഫീസുകള്‍ ഒഴിവാക്കി നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

സാധുതയുള്ള പാസ്‍പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍  എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി  നല്‍കും. ഒപ്പം ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും ഇവരില്‍ നിന്ന് ഈടാക്കില്ല. എംബസിക്ക് വേണ്ടി പാസ്‍പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ ഏജന്‍സിയായ ബി.എല്‍.എസും പ്രയാസമനുഭവിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കില്ല. 

ഇളവ് പ്രയോജനപ്പെടുത്തി ഒമാനില്‍ നിന്ന് മടങ്ങാനുദ്ദേശിക്കുന്ന പ്രവാസികള്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒരാഴ്‍ചയാണ് അപേക്ഷകളിന്മേല്‍ നടപടിയെടുക്കാനുള്ള സമയം. ഇത് പൂര്‍ത്തിയായാല്‍ അതത് എംബസികളുമായി ബന്ധപ്പെട്ട് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാം.

ഇന്ത്യക്കാര്‍ക്ക് മസ്‍കത്തിലെ ബിഎല്‍എസ് ഓഫീസുമായോ സലാല, നിസ്‍വ, ദുകം, സുര്‍, സൊഹാര്‍, ഇബ്രി, ബുറൈമി, ഷിനാസ്‍, ഖസബ് എന്നിവിടങ്ങളിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ഓഫീസുകളുമായോ ബന്ധപ്പെടാം. ജനത്തിരക്ക് ഒഴിവാക്കാനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അപേക്ഷകളുടെ ബാഹുല്യം അനുസരിച്ച് നാല് ദിവസത്തിനകം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് എംബസിയുടെ അറിയിപ്പ്. നടപടികളെല്ലാം പൂര്‍ത്തിയാക്കി രാജ്യം വിടുന്ന ദിവസം ഏഴ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം.