സന്ദര്‍ശകരുടെ എണ്ണം 10 ദശലക്ഷം തികയുന്ന ദിവസത്തില്‍ 10 ദിര്‍ഹത്തിന് ദുബൈ എക്സ്പോ 2020 സന്ദര്‍ശിക്കാനുള്ള അസുലഭ അവസരമാണ് ഇന്ന്.

ദുബൈ: എക്‌സ്‌പോ 2020ല്‍(Expo 2020) ഒരു കോടി സന്ദര്‍ശകര്‍ എത്തുന്നതിന്റെ ആഘോഷ പരിപാടികള്‍ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച എക്‌സ്‌പോയിലെ പ്രവേശന നിരക്ക് 10 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്‌സ്‌പോ 2020 ദുബൈയില്‍ ഞായറാഴ്ചയോടെ ഒരു കോടി സന്ദര്‍ശകര്‍(visitors) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കോടി സന്ദര്‍ശകരെത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷവും ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വിനോദപരിപാടികളും സംഘടിപ്പിക്കും. കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ച നടക്കും. എക്‌സ്‌പോ ഔദ്യോഗിക വെബ്‍സൈറ്റ് വഴിയും എക്‌സ്‌പോ ഗേറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. സീസണ്‍ പാസുള്ളവര്‍ക്ക് മറ്റ് ഫീസുകളില്ലാതെ ഇന്നും എക്സ്പോ വേദിയില്‍ പ്രവേശിക്കാം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി പി.സി.ആര്‍ പരിശോധന നടത്തുകയും ചെയ്യാം.

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020, മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. എക്സ്പോ അവസാനിക്കാന്‍ ഇനി 11 ഞായറാഴ്‍ചകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നിരിക്കെ ടിക്കറ്റ് നിരക്ക് കൂടി കുറച്ചതിനാല്‍ ഇന്ന് വലിയ ജനാവലിയെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ എക്സ്പോ വേദിയിലെത്താത്ത നിരവധി കാഴ്‍ചക്കാര്‍ എക്സ്പോ സന്ദര്‍ശിക്കാന്‍ ഈ ആനുകൂല്യം കാരണമാവും.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എക്സ്പോ വേദിയില്‍ ജനുവരി 15ന് ആരംഭിച്ച ഗ്ലോബല്‍ ഗോള്‍സ് വീക്ക് 22 വരെ നീണ്ടുനില്‍ക്കും. യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകള്‍ക്കും പ്രഥമ പരിഗണന നല്‍കിയാണ് എക്സ്പോ മുന്നോട്ട് പോകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.