പകുതി വിലയ്ക്ക് അമേരിക്കൻ ഡോളറുകള്‍ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ കുവൈത്ത് സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി. ബാങ്കിലെത്തി നോട്ടുകള്‍ മാറ്റാൻ ശ്രമിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിപണി വിലയേക്കാൾ പകുതി വിലയ്ക്ക് വ്യാജ അമേരിക്കൻ ഡോളറുകൾ വിൽക്കുന്ന വൻ തട്ടിപ്പ് സംഘത്തെ കുവൈറത്ത് സുരക്ഷാ വിഭാഗം പിടികൂടി. ഫർവാനിയ, ജലീബ് അൽ ഷുയൂഖ് എന്നീ പ്രദേശങ്ങളിൽ നിന്നായി ആറ് സിറിയൻ സ്വദേശികളെയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തത്. ഏകദേശം 1,30,000 വ്യാജ യുഎസ് ഡോളറുകൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഒരു കുവൈത്ത് സ്വദേശി നൽകിയ പരാതിയെത്തുടർന്നാണ് ഈ വൻ തട്ടിപ്പ് പുറത്തായത്. ഏകദേശം 50,000 യുഎസ് ഡോളർ വെറും 7,000 കുവൈത്തി ദിനാറിന് (യഥാർത്ഥ വിലയുടെ പകുതിയോളം മാത്രം) നൽകാമെന്ന് പറഞ്ഞ് സംഘം ഇയാളെ വിശ്വസിപ്പിക്കുകയായിരുന്നു. ലാഭം പ്രതീക്ഷിച്ച് പണം കൈപ്പറ്റിയ ഇദ്ദേഹം പിന്നീട് ബാങ്കിലെത്തി മാറ്റാൻ ശ്രമിച്ചപ്പോഴാണ് കൈവശമുള്ളത് കറൻസിയുടെ രൂപസാദൃശ്യമുള്ള വെറും വ്യാജ നോട്ടുകളാണെന്ന് തിരിച്ചറിഞ്ഞത്.
വ്യാജ നോട്ടുകൾ ഇറാഖിൽ നിന്ന്
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഈ വ്യാജ നോട്ടുകൾ ഇറാഖിൽ നിന്ന് ജോർദാൻ വഴി ട്രക്ക് ഡ്രൈവർമാർ മുഖേനയാണ് കുവൈത്തിലേക്ക് കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. പണം കടത്തുന്നതിനായി ഡ്രൈവർമാർക്ക് പ്രത്യേക കമ്മീഷൻ നൽകിയിരുന്നു. കുറഞ്ഞ വിലയ്ക്ക് വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സാമ്പത്തിക സുരക്ഷയെ തകർക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


