ദുബായ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ദുബായില്‍ മരിച്ച മകന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകാന്‍ കഴിയാത്ത മാതാപിതാക്കളുടെ വേദന ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. മകന്റെ കല്ലറയില്‍ അവസാന പിടി മണ്ണിടാന്‍ പോലും അനുവാദമില്ലാതെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിദേശത്ത് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. അദ്യശ്യമായ വൈറസ് ലോകത്ത് മനുഷ്യനെ കൊന്നടുക്കുമ്പോള്‍,രോഗം പരത്തുന്നതിന്റെ പിതൃത്വം പ്രവാസികളുടെ മേല്‍ പഴിചാരി ഈ ക്രൂരത മരണപ്പെടുന്ന ബന്ധുക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കണമോ എന്നും കുറിപ്പില്‍ ചോദിക്കുന്നു.  

'ഇവിടെ മരണപ്പെടുന്നവരുടെ ബന്ധുക്കൾ,പ്രായം ചെന്നവർ, സന്ദർശക വിസയിൽ വന്നവർ, ഇവരെയൊക്കെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി സഹായിച്ചുകൂടെ, കേന്ദ്ര സർക്കാരിൻെറ ഭാഗത്തു നിന്നും ഇത്തരം കാര്യങ്ങളിലേക്ക് ഉടനടി തീരുമാനമുണ്ടാകണം'-  കുറിപ്പില്‍ ആവശ്യപ്പെട്ടു.

ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്‍റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്. കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

കേരള സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം ചരക്ക് വിമാനങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കാമെങ്കിലും അത്യാവശ്യാ യാത്രാ സര്‍വ്വീസ് പോലുമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് മൃതദേഹത്തെ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിയില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് ഫേസ്ബുക്ക് പോസ്റ്റ്.